കക്കട്ടിൽ : നാടിൻ്റെ യാത്രാ ദുരിതം തീർക്കാൻ മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിമാരെ നേരിൽ കണ്ട് നാട്ടുകാർ. റോഡിൽ പാറക്കെട്ടുകള്‍ കാരണം കുന്നുമ്മൽ പഞ്ചായത്ത് തവിടോറ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായില്ല.
കുന്നുമ്മൽ എം.എൽ.പി. സ്കൂൾ-കുറ്റിയിൽമുക്ക് റോഡിലെ പാറക്കെട്ടുകൾ നീക്കാത്തതാണ് യാത്രാദുരിതത്തിന് കാരണമാകുന്നത്. റോഡിന്റെ തുടക്കവും ഒടുക്കവും ടാറിങ് പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും മധ്യഭാഗത്ത് ഏതാണ്ട് 100 മീറ്ററിലെ പാറക്കെട്ടുകൾ നീക്കംചെയ്യാത്തതിനാൽ റോഡ് പരസ്പരം ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം എലിയാറ ബീന റോഡിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ എ. പാറക്കൽ അബ്ദുള്ളയ്ക്ക് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന്, ഫണ്ടനുവദിക്കുകയും എ.ഇ. വന്ന് എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ, മൺറോഡുകൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അനുവദിക്കാനാവില്ല എന്ന കാരണംപറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് സങ്കേതികാനുമതി നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വട്ടോളിയിലെത്തിയ തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർ കോവിലിനും കെ. മുരളീധരൻ എം.പി.ക്കും ഇതുസംബന്ധിച്ച് മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്് എലിയാറ ആനന്ദൻ നിവേദനം നൽകിയിരുന്നു.
റോഡ് ബന്ധിപ്പിച്ച് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞാൽ കുന്നുമ്മൽ സി.എച്ച്.സി., വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, മറ്റ് സ്വകാര്യ ആശുപത്രികൾ, കുന്നുമ്മൽ സൗത്ത് എം.എൽ.പി. സ്കൂൾ, കക്കട്ടിൽ, അമ്പലക്കുളങ്ങര ടൗണുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
പി.കെ. ലിഗേഷ്, ടി.വി. രാഹുൽ, ഇ. അർജുൻ, എൻ.പി. ജിതേഷ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
Rocks on the road; Residents of Vitora without ending their travel woes