---
title: "ബി.എസ്‌സി. മാത്‌സ്‌  പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ല; മൊകേരി ഗവ. കോളേജ്‌ വിദ്യാർഥികൾ ആശങ്കയിൽ"
english_title: "B.Sc. Maths exam results not published; Mokeri Govt. College‌ students worried"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/51998/bsc-maths-exam-results-not-published-mokeri-govt-college-students-worried"
published_at: "2022-06-30T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd2483b73d9_govt_college_mokeri.jpg"
keywords: []
---

# ബി.എസ്‌സി. മാത്‌സ്‌  പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ല; മൊകേരി ഗവ. കോളേജ്‌ വിദ്യാർഥികൾ ആശങ്കയിൽ

> **Lead Summary:** **മൊകേരി : **അധികൃതരുടെ അശ്രദ്ധയിൽ ആശങ്കയിലായി മൊകേരി ഗവ.കോളേജ് വിദ്യാർത്ഥികൾ. കോഴിക്കോട് സർവകലാശാല ബി.എസ്‌സി. അവസാനവർഷ കണക്ക് പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിച്ചിട്ടും, മൊകേരി ഗവ. കോളേജിലെ 42 വിദ്യാർഥികളുടെ ഫലം പുറത്തുവിട്ടില്ല.

## Article Content

**മൊകേരി : **അധികൃതരുടെ അശ്രദ്ധയിൽ ആശങ്കയിലായി മൊകേരി ഗവ.കോളേജ് വിദ്യാർത്ഥികൾ. കോഴിക്കോട് സർവകലാശാല ബി.എസ്‌സി. അവസാനവർഷ കണക്ക് പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിച്ചിട്ടും, മൊകേരി ഗവ. കോളേജിലെ 42 വിദ്യാർഥികളുടെ ഫലം പുറത്തുവിട്ടില്ല.

ഡിഫറെൻഷ്യൽ ഇക്വേഷൻ പേപ്പർ മൂല്യനിർണയം നടത്താത്തതാണ് പരീക്ഷാഫലം തടഞ്ഞുവെക്കാൻ കാരണം. ഈ ഉത്തരക്കടലാസിന്റെ ബണ്ടിൽ യൂണിവേഴ്സിറ്റി അധികൃതർ കൊണ്ടുപോകാൻ മറന്നതാണ് മൂല്യനിർണയം നടക്കാത്തതിന് കാരണമെന്നാണ് ആരോപണം.

അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച് അധ്യാപകർതന്നെ പരാതിപറയുന്ന ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഉത്തരക്കടലാസ് കോളേജിൽ മറന്നുവെച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രിൻസിപ്പൽ പ്രൊഫ. കെ. അഷ്റഫ് പറഞ്ഞു.

ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി അധികൃതർ ഒപ്പിട്ടുവാങ്ങിയതിന്റെ രേഖ കോളേജിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാഫലം തടഞ്ഞ വിവരം അറിഞ്ഞ ഉടനെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

എം.എസ്‌സി. പ്രവേശനത്തിനുള്ള സമയമായിരിക്കെ, പരീക്ഷാഫലം വൈകുന്നത് ഉപരിപഠനസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. ഉത്തരക്കടലാസ് എത്രയുംപെട്ടെന്ന് മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കാനും മറ്റ് യൂണിവേഴ്സിറ്റികളിലെ പി.ജി. പ്രവേശനത്തിന്റെ സമയം ദീർഘിപ്പിക്കാനും നടപടിയുണ്ടാകണമെന്ന ആവശ്യമാണ് രക്ഷിതാക്കളും വിദ്യാർഥികളും ഉന്നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/51998/bsc-maths-exam-results-not-published-mokeri-govt-college-students-worried)