കുറ്റ്യാടി : സംസ്ഥാന സർക്കാർ ബജറ്റിൽ 12 കോടി വകയിരുത്തിയ കുറ്റ്യാടി-കൈപ്രംകടവ് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരഗതിയിലാക്കുന്നതിനായി കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ചു.
കുറ്റ്യാടി-വേളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റർ റോഡ് 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിക്കുന്ന റോഡ് യാഥാർഥ്യമാകുന്നതോടെ വേളം, കുറ്റ്യാടി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കാൻ പോകുന്നത്.
30 വർഷം മുമ്പ് നിർമിച്ച റോഡ് തകർന്ന് യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.യുടെ ശ്രമഫലമായാണ് 12 കോടി അനുവദിച്ച് പ്രവൃത്തി ആരംഭിക്കാൻ പോകുന്നത്.
ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരഗതിയിലാക്കുന്നതിനായി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.യുടെ അധ്യക്ഷതയിൽ കുറ്റ്യാടിയിലും വേളത്തും ചേർന്ന ജനപ്രതിനിധികളുടെയും സർവകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി.
വേളം കൂളിക്കുന്നിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. മുജീബ് റഹ്മാൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മനോജൻ, എം.സി. മൊയ്തു, തായന ബാലാമണി, പി.പി. ചന്ദ്രൻ, സി.പി. ഫാത്തിമ, കെ.സി. സിത്താര രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പി. വത്സൻ, കെ.കെ. അബ്ദുല്ല, ടി.വി. ഗംഗാധരൻ, മാങ്ങോട്ട് കരീം, കെ.പി. പവിത്രൻ, പി.പി. സുരേന്ദ്രൻ, എം. സലീം തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ ചെയർപേഴ്സണും അംഗം കെ.കെ. മനോജൻ കൺവീനറുമായി ജനകീയ കമ്മിറ്റിക്ക് രൂപം നൽകി.
കുറ്റ്യാടി പഞ്ചായത്തിൽ പ്രസിഡൻറ് ഒ.ടി. നഫീസ ചെയർപേഴ്സണും പി.സി. രവീന്ദ്രൻ കൺവീനർ, ശ്രീജേഷ് ഊരത്ത്, ഒ.പി. മഹേഷ് (ജോ. കൺ.) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു.
സി.എൻ. ബാലകൃഷ്ണൻ, ഒ.സി. അബ്ദുൾകരീം, സി. ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.
Kuttyadi-Kaipramkadav Road; Land acquisition at a rapid pace