---
title: "എന്ന് തീരും? കുറ്റ്യാടിയിൽ ഇഴയുന്ന ടൗൺ നവീകരണം തീരാ ദുരിതമാകുന്നു"
english_title: "Will it end?  Town renewal in Kuttyati is very distressing"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/54184/will-it-end-town-renewal-in-kuttyati-is-very-distressing"
published_at: "2022-07-11T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb934c820aa_kuttiady.jpg"
keywords: []
---

# എന്ന് തീരും? കുറ്റ്യാടിയിൽ ഇഴയുന്ന ടൗൺ നവീകരണം തീരാ ദുരിതമാകുന്നു

> **Lead Summary:** **കുറ്റ്യാടി:** ഇനി എന്ന് തീരും? ഈ ഊരാക്കുരുക്ക്! നഗരത്തിൽ എത്തുന്നവരുടെയെല്ലാം ഒറ്റ ചോദ്യം ഇത് മാത്രം. കുറ്റ്യാടിയിൽ ഇഴയുന്ന ടൗൺ നവീകരണം യാത്രക്കാർക്കും വ്യാപാരികൾക്കും തീരാ ദുരിതമാകുന്നു. കുറ്റ്യാടി ടൗൺ നവീകരണം എന്നുതീരും.

## Article Content

**കുറ്റ്യാടി:** ഇനി എന്ന് തീരും? ഈ ഊരാക്കുരുക്ക്! നഗരത്തിൽ എത്തുന്നവരുടെയെല്ലാം ഒറ്റ ചോദ്യം ഇത് മാത്രം. കുറ്റ്യാടിയിൽ ഇഴയുന്ന ടൗൺ നവീകരണം യാത്രക്കാർക്കും വ്യാപാരികൾക്കും തീരാ ദുരിതമാകുന്നു. കുറ്റ്യാടി ടൗൺ നവീകരണം എന്നുതീരും.

ജനം ഈ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ജനപ്രതിനിധികൾക്കും പൊതുമരാമത്ത് വകുപ്പിനുമൊന്നും ഉത്തരമില്ല. കരാറുകാരന്റെ അനാസ്ഥകാരണം നിലച്ച നവീകരണം മഴയ്ക്കുമുമ്പേ തീർക്കാൻ പൊതുമരാമത്ത് വകുപ്പിന് എം.എൽ.എ.യും പഞ്ചായത്ത് അധികൃതരും കർശനനിർദേശം നൽകിയെങ്കിലും എല്ലാം തഥൈവ.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ആരംഭിച്ച പ്രവൃത്തിയാണ് കെടുകാര്യസ്ഥതകാരണം നിലച്ചത്. കോഴിക്കോട്, വയനാട്, വടകര റോഡുകളിലെ അഴുക്കുചാലും നടപ്പാതയും നവീകരിച്ച് കൈവരി സ്ഥാപിക്കാനും ടൈൽ പാകുന്നതിനും മറ്റുമായി രണ്ടുകോടി രൂപയാണ് അനുവദിച്ചത്.

പാറക്കൽ അബ്ദുള്ള മുൻ എം.എൽ.എ.യായിരിക്കേയാണ് കുറ്റ്യാടി ടൗൺ നവീകരണപദ്ധതി ആവിഷ്കരിച്ചത്. പണി നിലച്ചതിന്റെ ദുരിതം ചെറുതൊന്നുമല്ല. മഴ ശക്തിയായതോടെ റോഡിൽ വെള്ളക്കെട്ട് പതിവ്. ഇതുകാരണം, ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

വയനാട് റോഡിലാണ് ഏറെ പ്രയാസം. ടൗൺ പെട്രോൾപമ്പുമുതൽ പഴയ ചന്തവയൽവരെയുള്ള റോഡിലാണ് വെള്ളക്കെട്ട് രൂക്ഷം. നടക്കാൻപോലും കഴിയുന്നില്ല. വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് വരാനും സാധിക്കുന്നില്ല. പെരുന്നാൾ സീസൺ വ്യാപാരികളെ സംബന്ധിച്ചിടത്തോളം നിരാശയാണ് നൽകിയത്. ഒരുവർഷംകൊണ്ട് നവീകരണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

വടകര, കോഴിക്കോട്, റോഡുകളിലെ കുറഞ്ഞ ഭാഗങ്ങളിൽ മാത്രമാണ് പണി പൂർത്തിയായത്. മുഖ്യകരാറുകാരൻ മറ്റൊരാൾക്ക് ഉപകരാർ കൊടുക്കുകയും അയാൾ മറ്റൊരാളെ പ്രവൃത്തി ഏൽപ്പിക്കുകയും ചെയ്തു. കോഴിക്കോട്, വടകര റോഡുകളിലെ പണി പൂർത്തിയാകാതെതന്നെയാണ് വയനാട് റോഡിൽ പണിതുടങ്ങിയത്. പണി പൂർത്തിയാകാത്തതുകാരണം മിക്ക കടകളും അടച്ചനിലയിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/54184/will-it-end-town-renewal-in-kuttyati-is-very-distressing)