---
title: "ആരും കുടിയിറങ്ങരുതെന്ന്; പശുക്കടവിലെ വീട്ടിലെത്തിയ നാലംഗ മാവോവാദിസംഘത്തെ തിരിച്ചറിഞ്ഞു"
english_title: "that no one should leave; A group of four Maoists who came to the house in Pasukada have been identified"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/55614/that-no-one-should-leave-a-group-of-four-maoists-who-came-to-the-house-in-pasukada-have-been-identified"
published_at: "2022-07-18T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4c4bfc7ef2_mavoyist.jpg"
keywords: []
---

# ആരും കുടിയിറങ്ങരുതെന്ന്; പശുക്കടവിലെ വീട്ടിലെത്തിയ നാലംഗ മാവോവാദിസംഘത്തെ തിരിച്ചറിഞ്ഞു

> **Lead Summary:** **കുറ്റ്യാടി:** തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവോവാദി സാന്നിദ്ധ്യത്തിൽ കരുതൽ ശക്തമാക്കി പൊലീസ്. കഴിഞ്ഞദിവസം രാത്രി മരുതോങ്കര പശുക്കടവിലെ വീട്ടിലെത്തിയ നാലംഗ മാവോവാദിസംഘത്തിലെ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞു.

## Article Content

**കുറ്റ്യാടി:** തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവോവാദി സാന്നിദ്ധ്യത്തിൽ കരുതൽ ശക്തമാക്കി പൊലീസ്. കഴിഞ്ഞദിവസം രാത്രി മരുതോങ്കര പശുക്കടവിലെ വീട്ടിലെത്തിയ നാലംഗ മാവോവാദിസംഘത്തിലെ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞു.

കർണ്ണാടക സർക്കാർ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ശ്രീമതി എന്ന ഉണ്ണിമായ, സുന്ദരി, ലത എന്നിവരെയാണ് കേരളാ പൊലീസ് തിരിച്ചറിഞ്ഞത്. കർണാടക സ്വദേശികളാണ് മൂന്നുപേരും. പുരുഷൻ ആരെന്ന് മനസ്സിലായിട്ടില്ല.

വെള്ളിയാഴ്ച രാത്രിയാണ് പശുക്കടവിൽ ഒറ്റപ്പെട്ടുക്കിടക്കുന്ന പൃക്കൻതോട് തായിപ്പുരയിടത്തിൽ ആൻഡ്രൂസിന്റെ വീട്ടിൽ സായുധരായ നാലംഗസംഘമെത്തിയത്. പത്തുമിനിറ്റ്‌ സമയം ഇവർ ഈ വീട്ടിലുണ്ടായിരുന്നു. കരുതൽമേഖലയുമായി ബന്ധപ്പെട്ട് ഇവിടം വിട്ടുപോകരുതെന്നും ആവശ്യമായ മുഴുവൻ സംരക്ഷണവും തങ്ങൾ തരുമെന്നുമാണ് സംഘം വീട്ടുകാരോട് പറഞ്ഞത്.

മലയാളത്തിലും കന്നഡയിലുമാണ് സംസാരിച്ചത്. തുടർന്ന് കടന്തറപ്പുഴ കടന്ന് മാവട്ടം ഭാഗത്തേക്ക് പോയി. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തു. സ്ഥലത്തെത്തിയ നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടുകാരെ ഫോട്ടോ കാണിച്ചാണ് മൂന്നുപേരെ തിരിച്ചറിഞ്ഞത്.

പ്രദേശത്ത് തണ്ടർബോൾട്ട് സംഘം ഉൾപ്പെടെ തിരച്ചിൽ തുടരുന്നുണ്ട്. ജൂലായ് ഒന്നിന് പശുക്കടവ് അങ്ങാടിയിൽ കരുതൽമേഖല വിഷയത്തിൽ മാവോവാദി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.ഐ. (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് ആറ് പോസ്റ്ററുകൾ പതിച്ചത്.

വയനാടുമുതൽ ആറളം ഡാമുവരെയുള്ള കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാണാസുര ദളത്തിലെ അംഗങ്ങളാണിവർ. പീപ്പിൾ ലിബറേഷൻ ആർമി എന്ന ഗറില്ലാവിഭാഗത്തിലെയും അംഗങ്ങളാണ്. ഇവർക്കെതിരേ കർണാടകയിലും കേരളത്തിലും ഒട്ടേറെ  കേസുകളുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/55614/that-no-one-should-leave-a-group-of-four-maoists-who-came-to-the-house-in-pasukada-have-been-identified)