കുറ്റ്യാടി : മസ്ജിദിനുള്ളില്‍ നിക്കാഹ് കർമത്തിന് സാക്ഷിയായി വധുവും. മഹർ വരനിൽനിന്ന് വേദിയിൽ നിന്നു തന്നെ സ്വീകരിച്ച് ബഹ്ജ ദലീല.
കുറ്റ്യാടിയിലാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായ വിവാഹ ചടങ്ങ് നടന്നത്. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിലാണ് കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീല പങ്കെടുത്തത്.
വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകി.
മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികൾ.
നിക്കാഹിന് ഖതീബ് ഫൈസൽ പൈങ്ങോട്ടായി നേതൃത്വം നൽകി. സാധാരണ നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വരൻ മഹർ വധുവിന്റെ വീട്ടിലെത്തിയാണ് സാധാരണ അണിയിക്കുക.
കഴിഞ്ഞയാഴ്ച ഇതേ മഹല്ലിൽ നടന്ന ഇ.ജെ. അബ്ദുറഹീമിന്റെ മകൾ ഹാലയുടെ നിക്കാഹ് വേളയിൽ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു
The bride witnessed the Nikah ceremony; Bahja Dalila received from Mahar Vedi