---
title: "തൊട്ടിൽപ്പാലം കെ എസ് ആർ ടി സി ഡിപ്പോയെ തകർക്കരുത് ; യൂത്ത് ലീഗ്"
english_title: "Do not demolish the cradle bridge KSRTC depot; Youth League"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/60188/do-not-demolish-the-cradle-bridge-ksrtc-depot-youth-league"
published_at: "2022-08-07T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efcc1119098_muslim_league.jpg"
keywords: []
---

# തൊട്ടിൽപ്പാലം കെ എസ് ആർ ടി സി ഡിപ്പോയെ തകർക്കരുത് ; യൂത്ത് ലീഗ്

> **Lead Summary:** **തൊട്ടിൽപ്പാലം : **കാവിലുംപാറയിലെ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ആശയും ആശ്രയവുമായ തൊട്ടിൽപ്പാലം കെ എസ് ആർ ടി സി ഡിപ്പോയെ തകർക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാവിലുംപാറ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഡിപ്പോ മാർച്ചിൽ പ്രതിഷേധം അലയടിച്ചു.

## Article Content

**തൊട്ടിൽപ്പാലം : **കാവിലുംപാറയിലെ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ആശയും ആശ്രയവുമായ തൊട്ടിൽപ്പാലം കെ എസ് ആർ ടി സി ഡിപ്പോയെ തകർക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാവിലുംപാറ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഡിപ്പോ മാർച്ചിൽ പ്രതിഷേധം അലയടിച്ചു.

തൊട്ടിൽപ്പാലം ലീഗ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിൽ പോലീസ് തടഞ്ഞു. മാർച്ച് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ വി പി കുഞ്ഞബ്ദുള്ള മാസ്റ്റർ ഉൽഘാടനം ചെയ്തു.

പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് സെയ്ദലവി അധ്യക്ഷത വഹിച്ചു.കുടിയേറ്റ കർഷക മേഖലയായ കാവിലുംപാറ പഞ്ചായത്ത്‌ നിവാസികളുടെ ആവശ്യാർത്ഥം വർഷങ്ങൾക്ക് മുമ്പ് കളത്തൂർ ചെറിയാന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണസമിതിയാണ് ഈ ഡിപ്പോ തൊട്ടിൽപ്പാലത്ത് സ്ഥാപിക്കാനാവശ്യമായ മുഴുവൻ നടപടികളും കൈകൊണ്ടത്.

അന്ന് ഈ പദ്ധതി കൊണ്ട് വരാൻ തടസ്സം നിന്നവർ തന്നെയാണ് ഇതിനെ തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.സമൂഹത്തിലെ ഉന്നതർക്കായി മാത്രം നിർമ്മിക്കാൻ ഉദ്ദേശിച്ച കെ റെയിൽ പദ്ധതിപോലുള്ള കോടികൾ മുടക്കിയുള്ള പദ്ധതികൾക്കായി സർക്കാർ മുന്നിട്ടിറങ്ങുമ്പോഴാണ് സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായ കെ എസ് ആർ ടി സി ഡിപ്പോയിലെ സർവീസുകൾ വീട്ടിച്ചുരുക്കി സ്ഥാപനത്തെ തന്നെ തകർക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇത്തരം നീക്കങ്ങളിൽ നിന്നും അധികാരികൾ പിന്മാറണമെന്നും വെട്ടിച്ചുരുക്കിയ സർവ്വീസുകൾ ഉടൻ പുന:സ്ഥാപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി.

മണക്കര സൂപ്പി,വി സൂപ്പി, കെ പി സി മൊയ്തു, കെ പി ഷംസീർ മാസ്റ്റർ, വി എം അസീസ്,പൈക്കാടൻ മൊയ്‌ദു,നിസാം കെ,അൻസാർ കുണ്ടുതോട് സൈഫുദ്ധീൻ ടി കെ, ഫൈസൽ കൊളവൻ,ആഷിഫ് എൻ ടി,റഊഫ് ജി വി തുടങ്ങിയവർ സംസാരിച്ചു. ഫാസിൽ മാസ്റ്റർ സ്വാഗതവും കെ സുനീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/60188/do-not-demolish-the-cradle-bridge-ksrtc-depot-youth-league)