---
title: "ഇന്ന് ഉദ്ഘാടനം; വേളം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാകുന്നു "
english_title: "Opening today; velam primary health center becomes family health center"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/62648/opening-today-velam-primary-health-center-becomes-family-health-center"
published_at: "2022-08-19T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fef3485c17b_velam_arogyakendram.jpg"
keywords: []
---

# ഇന്ന് ഉദ്ഘാടനം; വേളം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാകുന്നു 

> **Lead Summary:** **കുറ്റ്യാടി:** വേളം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാകുന്നു. ഇന്ന് രാവിലെ 9.30-ന് ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ് ഓൺലൈനിൽ കുടുംബാരോഗ്യകേന്ദ്രം നാടിനായി സമർപ്പിക്കും. കുടുംബാരോഗ്യകേന്ദ്രമാകുന്നതോടെ വൈകുന്നേരം ആറുവരെ ഒ.പി. സൗകര്യം ഇനിമുതൽ ലഭ്യമാകും.

## Article Content

**കുറ്റ്യാടി:** വേളം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാകുന്നു. ഇന്ന് രാവിലെ 9.30-ന് ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ് ഓൺലൈനിൽ കുടുംബാരോഗ്യകേന്ദ്രം നാടിനായി സമർപ്പിക്കും. കുടുംബാരോഗ്യകേന്ദ്രമാകുന്നതോടെ വൈകുന്നേരം ആറുവരെ ഒ.പി. സൗകര്യം ഇനിമുതൽ ലഭ്യമാകും.

നിലവിൽ ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നിവരെ പഞ്ചായത്ത് ഭരണസമിതി നിയമിച്ചിട്ടുണ്ട്. ഒരു ഡോക്ടറുടെ സേവനംകൂടി ലഭ്യമായാൽ മാത്രമേ ഒ.പി. സൗകര്യം പൂർണമായും സജ്ജമാകുകയുള്ളൂ. എല്ലാതരം പരിശോധനകളും നടത്താനുള്ള ലാബ് സൗകര്യവും നിലവിൽ ഇവിടെ ലഭ്യമാണ്.

കുടുംബാരോഗ്യകേന്ദ്രത്തിനായി സ്വന്തമായി 70 സെൻറ് സ്ഥലം നാട്ടുകാർ നേരത്തേ വാങ്ങിയിട്ടുണ്ട്. പുതിയ കെട്ടിടം പണിയാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അധ്യക്ഷതവഹിക്കും. കെ. മുരളീധരൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി, കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രി, പഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡൻറ് കെ.സി. ബാബു, തുടങ്ങിയവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/62648/opening-today-velam-primary-health-center-becomes-family-health-center)