---
title: "ചുരം റോഡിന് അപകടകെണിയൊരുക്കുന്നു; ഒപ്റ്റിക്കൽ കേബിളിടുന്നതിനായി കുഴിയെടുക്കുന്നത് അനധികൃതമോ? "
english_title: "The pass poses a danger to the road; Is it illegal to dig for optical cable laying?"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/6279/the-pass-poses-a-danger-to-the-road-is-it-illegal-to-dig-for-optical-cable-laying"
published_at: "2021-10-21T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170be5517ea9_optical fiber.jpg"
keywords: []
---

# ചുരം റോഡിന് അപകടകെണിയൊരുക്കുന്നു; ഒപ്റ്റിക്കൽ കേബിളിടുന്നതിനായി കുഴിയെടുക്കുന്നത് അനധികൃതമോ? 

> **Lead Summary:** **കുറ്റ്യാടി: ** ഒപ്റ്റിക്കൽ കേബിളിടുന്നതിനായി കുഴിയെടുക്കുന്നത് കുറ്റ്യാടി പക്രംതളം ചുരം റോഡിന് കടുത്ത ഭീഷണിയാവുന്നു. ചുരം റോഡിൽ ചാത്തങ്കോട്ടുനടയ്ക്കും പൂതമ്പാറയ്ക്കുമിടയിൽ മുളവട്ടത്താണ് ഇപ്പോൾ റോഡിൽ ചാലുകീറിയുളള കുഴിയെടുക്കൽ നടക്കുന്നത്.

## Article Content

**കുറ്റ്യാടി: ** ഒപ്റ്റിക്കൽ കേബിളിടുന്നതിനായി കുഴിയെടുക്കുന്നത് കുറ്റ്യാടി പക്രംതളം ചുരം റോഡിന് കടുത്ത ഭീഷണിയാവുന്നു. ചുരം റോഡിൽ ചാത്തങ്കോട്ടുനടയ്ക്കും പൂതമ്പാറയ്ക്കുമിടയിൽ മുളവട്ടത്താണ് ഇപ്പോൾ റോഡിൽ ചാലുകീറിയുളള കുഴിയെടുക്കൽ നടക്കുന്നത്.

സ്വകാര്യ ടെലിഫോൺ കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളിടുന്നതിന്നാണ് ചുരംറോഡിലെ ഇത്തരം പ്രവൃത്തി. വയനാട്ടിൽനിന്നുമാണ് കേബിൾലൈൻ ഇങ്ങോട്ടെത്തുന്നത്. പക്രംതളത്തുനിന്ന് ബദൽറോഡായ ചൂരണി വഴി പൂതമ്പാറയിലെത്തിയശേഷമാണ് പ്രധാന റോഡിലേക്ക് കേബിൾലൈൻ കടന്നുവരുന്നത്.

ചാത്തങ്കോട്ടുനടമുതൽ പൂതമ്പാറവരെയുള്ള ചുരം ഭാഗം ഇറക്കംകൂടിയതും വീതികുറഞ്ഞതുമായ റോഡാണ്. കേബിളിട്ടശേഷം മണ്ണിട്ട് കുഴിമൂടുമ്പോൾ ഇളകിയ മണ്ണിനടിയിലൂടെ വെള്ളം കിനിഞ്ഞിറങ്ങി റോഡിൽ പലേടങ്ങളിൽ ഗർത്തം രൂപപ്പെട്ടുവരുന്നത് പതിവുകാഴ്ചയാണ്.

കൽക്കെട്ടും മറ്റുമായി റോഡിന് സുരക്ഷയൊരുക്കുന്ന ചുരത്തിലേക്കുള്ള ഇടതുഭാഗത്തുകൂടിയാണ് കേബിൾലൈൻ കടന്നുപോകുന്നതിനായി ചാലുകൾ കീറുന്നത്. മേൽമണ്ണിളകിയ ചാലുകളിലേക്ക് മുകൾഭാഗത്തുനിന്നും ശക്തമായി ഒഴുകിയെത്തുന്ന വെള്ളം ഭാവിയിൽ റോഡിന്റെ തകർച്ചയ്ക്കിടയാക്കുമെന്ന് പരിസരവാസികൾ പറയുന്നു.

വീതികുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾ വശംകൊടുക്കുമ്പോൾ കേബിൾച്ചാലുകളിലേക്ക് ഇറങ്ങിപ്പോകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ പക്രംതളം ചുരം റോഡിൽ കേബിൾ കുഴിയെടുക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് -കുറ്റ്യാടിയിലെ അസി. എൻജിനിയർ,വിനോദ് കുമാർ, പറയുന്നു. ഇതിനായി പുതിയ അനുമതിയൊന്നും നൽകിയിട്ടില്ല.

നേരത്തേ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാവും ഇപ്പോൾ നടക്കുന്ന പ്രവൃത്തി. എന്നിരുന്നാലും പ്രവൃത്തി തുടങ്ങുംമുമ്പ് ഇക്കാര്യം അത് നടത്തുന്നവർ വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അതുണ്ടായിട്ടില്ല. റോഡ് വെട്ടിപ്പൊളിച്ച് ടെലിഫോൺ കേബിളിടുന്ന പ്രവൃത്തിക്ക് നിലവിൽ അനുമതി നൽകുന്നില്ല. ഇക്കാര്യത്തിൽ അന്വേഷിക്കുമെന്നും വിനോദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/6279/the-pass-poses-a-danger-to-the-road-is-it-illegal-to-dig-for-optical-cable-laying)