---
title: "കണ്ണീരിൻ്റെ വർഷം; നീതി തേടി നിയമ നടപടിക്കൊരുങ്ങി ദിബിഷയുടെ കുടുംബം "
english_title: "The Year of Tears; Dibisha's family is ready to take legal action to seek justice"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/64780/the-year-of-tears-dibishas-family-is-ready-to-take-legal-action-to-seek-justice"
published_at: "2022-08-29T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c158ef3f15_dibisha.jpg"
keywords: []
---

# കണ്ണീരിൻ്റെ വർഷം; നീതി തേടി നിയമ നടപടിക്കൊരുങ്ങി ദിബിഷയുടെ കുടുംബം 

> **Lead Summary:** **കക്കട്ടിൽ: **പിന്നിട്ട് കണ്ണീരിൻ്റെ ഒരു വർഷം. നീതി തേടി നിയമ നടപടിക്കൊരുങ്ങി ദിബിഷയുടെ കുടുംബം. പ്രസവത്തെത്തുടർന്ന് കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വട്ടോളിയിലെ കല്ലുള്ളപറമ്പത്ത് ദിബിഷയുടെ വേർപാടിന് ഇന്നലെ ഒരുവർഷം തികഞ്ഞു.

## Article Content

**കക്കട്ടിൽ: **പിന്നിട്ട് കണ്ണീരിൻ്റെ ഒരു വർഷം. നീതി തേടി നിയമ നടപടിക്കൊരുങ്ങി ദിബിഷയുടെ കുടുംബം. പ്രസവത്തെത്തുടർന്ന് കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വട്ടോളിയിലെ കല്ലുള്ളപറമ്പത്ത് ദിബിഷയുടെ വേർപാടിന് ഇന്നലെ ഒരുവർഷം തികഞ്ഞു.

ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദിബിഷയുടെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗർഭപാത്രം തങ്ങളുടെ സമ്മതമില്ലാതെ നീക്കംചെയ്തതായും ഈ കാര്യം പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ മാത്രമാണ് തങ്ങൾ അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. ദിബിഷ മരിച്ച ഓഗസ്റ്റ് 28-ന് തന്നെ ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

നാട്ടുകാരും വിവിധ രാഷ്ട്രീയപ്പാർട്ടികളും ചേർന്ന് കർമസമിതി രൂപവത്കരിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരുകയും ആശുപത്രിക്ക് മുമ്പിൽ സമരം നടത്തുകയും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.യുടെ സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണറിപ്പോർട്ട് ചുണ്ടിക്കാട്ടി നിയമസഭയിൽ മറുപടി നൽകിയത്.

കുടുംബവും മറ്റുള്ളവരും തങ്ങൾക്ക് നീതി ലഭ്യമായിട്ടില്ലെന്ന് ആവർത്തിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് കൈയിൽ കിട്ടിയാൽ, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കായക്കൂലിലെ അനീഷിന്റെ ഭാര്യയാണ് ദിബിഷ. അമ്മ നഷ്ടപ്പെട്ട കുട്ടിയെ നോക്കാൻവേണ്ടി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽതന്നെ കഴിയുകയാണ് അനീഷ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/64780/the-year-of-tears-dibishas-family-is-ready-to-take-legal-action-to-seek-justice)