---
title: "സിഐടിയു ജില്ലാ സമ്മേളനം; സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബി.ജെ.പി.യും മത്സരിക്കുന്നു - എളമരം കരീം എം.പി "
english_title: "CITU District Conference; Congress and BJP are competing to overthrow the state government - Elamaram Karim MP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/71448/citu-district-conference-congress-and-bjp-are-competing-to-overthrow-the-state-government-elamaram-karim-mp"
published_at: "2022-09-29T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633507b5c6054_citu.jpg"
keywords: []
---

# സിഐടിയു ജില്ലാ സമ്മേളനം; സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബി.ജെ.പി.യും മത്സരിക്കുന്നു - എളമരം കരീം എം.പി 

> **Lead Summary:** **കുറ്റ്യാടി:** ബി.ജെ.പി.യും കോൺഗ്രസും പിന്തുടരുന്നത് ഒരേ സാമ്പത്തികനയങ്ങളാണെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി:** ബി.ജെ.പി.യും കോൺഗ്രസും പിന്തുടരുന്നത് ഒരേ സാമ്പത്തികനയങ്ങളാണെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ഭരണത്തിൽ വളർച്ചപ്രാപിക്കുന്നത് ഉദാരീകരണവും വർഗീയതയും മാത്രമാണ്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബി.ജെ.പി.യും മത്സരിക്കുകയാണ്. ഗവർണർപദവിയെ അപമാനിക്കുകയാണ് കേരള ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.ഐ.ടി.യു. ജില്ലാ പ്രസിഡൻറ് മാമ്പറ്റ ശ്രീധരൻ പതാക ഉയർത്തി. പി.കെ. മുകുന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. പ്രേംനാഥ്, പി.കെ. സന്തോഷ് തുടങ്ങിയവർ' പ്രമേയങ്ങൾ അവതരിപ്പിച്ചു. എ.കെ. ബാലൻ, ടി.കെ. രാമകൃഷ്ണൻ, കെ.കെ. മമ്മു, കെ.പി. സഹദേവൻ, ടി.കെ. രാജൻ, ബഷീർ കൂട്ടായി, പി.പി. പ്രേമ തുടങ്ങിയവർ സംസാരിച്ചു.

വ്യാഴാഴ്ച നടക്കുന്ന പൊതുസമ്മേളനം എളമരം കരീം എം.പി. ഉദ്ഘാടനംചെയ്യും. കേരളത്തിന്റെ വികസനപദ്ധതികൾക്ക് തടയിടുന്ന വികസനവിരുദ്ധ നിലപാടുകളിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് സി.ഐ.ടി.യു. ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോർപ്പറേറ്റ് പക്ഷപാതിത്വനയവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ പൊതുമേഖലകളെ തകർക്കുന്ന നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്.

കേന്ദ്രനയങ്ങൾക്ക് ബദൽനയങ്ങൾ മുന്നോട്ടുവെച്ചാണ് കേരളത്തിൽ ഇടതുപക്ഷം പ്രവർത്തിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും ജനക്ഷേമപദ്ധതികളും വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേരളസർക്കാരിനെ സാമ്പത്തികമായി ഞെരിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്.

കേരളത്തിന്റെ വികസനത്തിനുള്ള പദ്ധതികൾ രാഷ്ട്രീയലക്ഷ്യംവെച്ച് തകർക്കാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കെ.കെ. മമ്മുവാണ് പ്രമേയം അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/71448/citu-district-conference-congress-and-bjp-are-competing-to-overthrow-the-state-government-elamaram-karim-mp)