---
title: "ആ തെറ്റ് തിരുത്താൻ; അഗതിമന്ദിരത്തിലെ സഹോദരങ്ങൾക്ക് പിന്തുണയായി ജന സാരഥികൾ "
english_title: "To correct that mistake; Jana Sarathi in support of the brothers in Agati Mandir"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72817/to-correct-that-mistake-jana-sarathi-in-support-of-the-brothers-in-agati-mandir"
published_at: "2022-10-06T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e8345766d2_Untitled-1.jpg"
keywords: []
---

# ആ തെറ്റ് തിരുത്താൻ; അഗതിമന്ദിരത്തിലെ സഹോദരങ്ങൾക്ക് പിന്തുണയായി ജന സാരഥികൾ 

> **Lead Summary:** **കക്കട്ടിൽ : ** പൊലീസ് ചെയ്ത ആ തെറ്റ് തിരുത്തി തുടങ്ങാൻ അവരെത്തി. അഗതിമന്ദിരത്തിലെ സഹോദരങ്ങൾക്ക് പിന്തുണയായി ജന സാരഥികൾ തണൽ അഗതിമന്ദിരത്തിൽ കഴിയുന്ന സഹോദരങ്ങൾ നാണുവിനും ബാലനും സുരേഷിനും ആധാർ ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കാൻ നടപടി തുടങ്ങി.

## Article Content

**കക്കട്ടിൽ : ** പൊലീസ് ചെയ്ത ആ തെറ്റ് തിരുത്തി തുടങ്ങാൻ അവരെത്തി. അഗതിമന്ദിരത്തിലെ സഹോദരങ്ങൾക്ക് പിന്തുണയായി ജന സാരഥികൾ തണൽ അഗതിമന്ദിരത്തിൽ കഴിയുന്ന സഹോദരങ്ങൾ നാണുവിനും ബാലനും സുരേഷിനും ആധാർ ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കാൻ നടപടി തുടങ്ങി.

കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത, അംഗം മുരളി കുളങ്ങരത്ത് എന്നിവരാണ് ഇതിന് മുൻകൈയെടുക്കുന്നത്. ഒരു കൊലപാതകക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിനെത്തുടർന്ന് ജീവിതത്തിന്റെ താളം തെറ്റിപ്പോയ കുടുംബത്തിലെ അംഗങ്ങളാണിവർ.

ദീർഘകാലം തെരുവിലലഞ്ഞ മൂന്നുപേരെയും കക്കട്ടിലെ സ്നേഹാ പാലിയേറ്റീവ് പ്രവർത്തകരാണ് എടച്ചേരി തണൽ അഗതിമന്ദിരത്തിലെത്തിച്ചത്. തിരിച്ചറിയൽ രേഖകളൊന്നുമില്ലാത്തതിനാൽ ഇവർക്ക് സർക്കാർ ആനുകൂല്യമൊന്നും ലഭിച്ചിരുന്നില്ല.

1985-ൽ മണിയൂർ താഴയിൽ നടന്ന നമ്പോടൻ കണ്ടി ഹമീദ് കൊലപാതകക്കേസിലാണ് ബാലനും സുരേഷും നാണുവും മറ്റൊരു സഹോദരനായ ചന്തുവും പിതാവ് നാരായണനും ക്രൈം ഡിറ്റാച്ച്മെൻറിന്റെ കസ്റ്റഡിയിലായത്. പോലീസിന്റെ ക്രൂരപീഡനങ്ങൾക്കിരയായ ഇവരെ നിരപരാധികളെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയായിരുന്നു.

ചന്തു രക്തം ഛർദിച്ചുമരിച്ചു. നാരായണനും ബാലനും സുരേഷും മാനസികനിലതെറ്റി തെരുവിലലയാൻ തുടങ്ങി. നാണു നാടുവിട്ടു. പുഴുവരിച്ച കാലുമായി തെരുവിലൂടെ ഇഴഞ്ഞുനീങ്ങുന്ന ബാലന്റെ ദയനീയചിത്രവും വാർത്തയും ഒൻപതുവർഷംമുമ്പ് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് പാലിയേറ്റീവ് പ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ ചികിത്സിപ്പിക്കുകയും തണലിലെത്തിക്കുകയും ചെയ്തത്.

നാണുവിനെയും സുരേഷിനെയും ഒരുകൊല്ലംമുമ്പാണ് ഇവിടേക്ക് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ ഓണനാളിൽ മൂവരും കക്കട്ടിലെ തറവാടുവീടായ തണ്ണീർപ്പന്തലിലെത്തി ഓണസദ്യ കഴിച്ചു മടങ്ങിയിരുന്നു. തറവാടുവീടിനോടുചേർന്ന് താമസിക്കുന്ന ഇവരുടെ സഹോദരി ലീലയാണ് ഓണസദ്യയൊരുക്കിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72817/to-correct-that-mistake-jana-sarathi-in-support-of-the-brothers-in-agati-mandir)