---
title: "നാട്ടുകാരിൽ ആശ്വാസ പൂത്തിരി; കടന്തറ പുഴക്ക് കുറുകെ ഇരുമ്പുപാലം ഉയർന്നു"
english_title: "Among the natives is a relief flower; An iron bridge was erected across the Katanthara River"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75349/among-the-natives-is-a-relief-flower-an-iron-bridge-was-erected-across-the-katanthara-river"
published_at: "2022-10-19T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ffd59a3a49_bridge.jpg"
keywords: []
---

# നാട്ടുകാരിൽ ആശ്വാസ പൂത്തിരി; കടന്തറ പുഴക്ക് കുറുകെ ഇരുമ്പുപാലം ഉയർന്നു

> **Lead Summary:** **കുറ്റ്യാടി : **മരം കൊണ്ടുള്ള താൽക്കാലിക പാലം ഇനി ഓർമ്മ. കടന്തറപ്പുഴ ഇനി രൗദ്രഭാവം പൂണ്ടാലും ചെമ്പനോടയിൽ നിന്നും സെൻറർ മുക്കിലേക്കും തിരിച്ചും കിലോമീറ്ററുകൾ താണ്ടാതെ ഇനി സമാധാനത്തോടെ യാത്ര ചെയ്യാം.

## Article Content

**കുറ്റ്യാടി : **മരം കൊണ്ടുള്ള താൽക്കാലിക പാലം ഇനി ഓർമ്മ. കടന്തറപ്പുഴ ഇനി രൗദ്രഭാവം പൂണ്ടാലും ചെമ്പനോടയിൽ നിന്നും സെൻറർ മുക്കിലേക്കും തിരിച്ചും കിലോമീറ്ററുകൾ താണ്ടാതെ ഇനി സമാധാനത്തോടെ യാത്ര ചെയ്യാം.

ചെമ്പനോട കുറത്തിപ്പാറയെയും, മരുതോങ്കരയിലെ സെന്റർ മുക്കിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടിയോളം രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചത്.

ഇരുവശത്തും രണ്ട് തൂണുകൾ ആയുള്ള പാലത്തിന് 45 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുണ്ട്. പുഴയുടെ തറനിരപ്പിൽ നിന്ന് 3.5 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരളക്കായിരുന്നു (സിൽക്ക്) നിർമ്മാണ ചുമതല.

പാലത്തിനു മുകളിൽ സോളാർ സ്ഥാപിച്ച് ലൈറ്റ് ലഭ്യമാക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ കെഎസ്ഇബിയുമായി ചർച്ചകളും നടത്തി. അപ്പ്രോച്ച് റോഡിന്റെ പ്രവർത്തനങ്ങളാണ് പൂർത്തിയാവാനുള്ളത്. മരുതോങ്കര പഞ്ചായത്തിന്റെ ഭാഗത്ത് പാലത്തിൽ നിന്ന് റോഡിലേക്കെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ട് സ്ഥലം ലഭ്യമാക്കി പാതയൊരുക്കി.

പ്രദേശവാസികൾ തന്നെ വിട്ടു നൽകിയ സ്ഥലത്ത് കൂടിയാണ് റോഡ് നിർമ്മിച്ചത്. സെൻറർ മുക്ക് ഭാഗത്ത് കുറച്ചു സ്ഥലം കൂടി വിട്ടു കിട്ടുന്നതോടെ വലിയ വാഹനം ഉൾപ്പെടെ പോകുന്ന പാത ഒരുക്കാനാകും. നേരത്തെയുള്ള ടാർ ചെയ്ത റോഡ് റീടാർ ചെയ്ത് നവീകരിക്കും. ജനുവരിയോട് അപ്പ്രോച്ച് റോഡിൻറെ പ്രവർത്തി പൂർത്തിയാക്കാൻ ആണ് തീരുമാനം.

ചക്കിട്ടപ്പാറ മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പ്രത്യേകതകൾ ഏറെയാണ്. രണ്ടു പഞ്ചായത്തുകൾക്ക് പുറമേ പേരാമ്പ്ര, കുറ്റ്യാടി നിയോജക മണ്ഡലങ്ങളെയും, കൊയിലാണ്ടി, വടകര താലൂക്കുകളിയും പാലം ബന്ധിപ്പിക്കുന്നു.

നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ സ്മരണാർത്ഥം പാലം നാടിനു സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. പുതിയ ഇരുമ്പ് പാലം നാടിന് സമർപ്പിക്കുന്നതോടെ കാൽനടയ്ക്ക് പകരം വാഹനത്തിൽ പുഴകടക്കാൻ സാധിക്കുമെന്നതിനാൽ ചെമ്പനോട ഭാഗത്തുനിന്ന് പശുക്കടവ് ഭാഗത്തേക്ക് ഉൾപ്പെടെയുള്ള യാത്രയും എളുപ്പമാകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75349/among-the-natives-is-a-relief-flower-an-iron-bridge-was-erected-across-the-katanthara-river)