---
title: "തുടിതാളം 2022;  കുറ്റ്യാടിയിൽ  ഫോക്‌ലോർ അക്കാദമി നാടൻ കലാമേളനം"
english_title: "Titithalam 2022; Kuttyati Folklore Academy Nadan Kala Melanam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/76174/titithalam-2022-kuttyati-folklore-academy-nadan-kala-melanam"
published_at: "2022-10-23T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635567144017f_kalamelanam.jpg"
keywords: []
---

# തുടിതാളം 2022;  കുറ്റ്യാടിയിൽ  ഫോക്‌ലോർ അക്കാദമി നാടൻ കലാമേളനം

> **Lead Summary:** **കുറ്റ്യാടി :** കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുറ്റ്യാടി അസംബ്ലി തല നാടൻ കലാമേളനം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മനുഷ്യർ തമ്മിലുള്ള ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാൻ കലാമേളകൾ പ്രചോദനമാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

## Article Content

**കുറ്റ്യാടി :** കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുറ്റ്യാടി അസംബ്ലി തല നാടൻ കലാമേളനം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മനുഷ്യർ തമ്മിലുള്ള ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാൻ കലാമേളകൾ പ്രചോദനമാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തുടിതാളം - 2022 നാടൻ കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കലയും സംഗീതവും സാഹിത്യവും മനുഷ്യമനസ്സുകൾക്ക് ഒരുമയുടെ സന്ദേശം പകരുന്ന നൻമകളാണ്.

അത്തരം നൻമകളെ പോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. മനുഷ്യർക്കിടയിൽ വിദ്വേഷങ്ങളുടേയും വെറുപ്പിന്റേയും മതിൽ കെട്ടുകൾ പണിയാൻ ഗൂഢനീക്കങ്ങൾ നടക്കുന്ന പുതിയ കാലത്ത്, സ്നേഹ - സൗഹൃദങ്ങളുടെ ഇത്തരം തുടിതാളങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ലോകനാർകാവ് പൈതൃകം സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പിൻറെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിക്കും എന്ന് മന്ത്രി പരിപാടിയിൽ അറിയിച്ചു.

ഉദ്ഘാടനത്തിന് ശേഷം കളരിപ്പയറ്റ്, നാടൻപാട്ട്, തിരുവാതിര, ഒപ്പന, ചിമ്മാനക്കളി എന്നിവ വേദിയിൽ അരങ്ങേറി. 24-ന് അഞ്ച് മണിക്ക് ‘സാംസ്കാരിക ചിന്തകൾ’ പരിപാടിയിൽ ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാരിയർ പ്രഭാഷണം നടത്തും. തുടർന്ന് കളരിപ്പയറ്റ്, ഞാറ്റുപാട്ട്, ‘സൂര്യപുത്രൻ’ നൃത്തശില്പം എന്നിവ നടക്കും.

25-ന് അഞ്ച് മണിക്ക് 60 വയസ്സ് കഴിഞ്ഞ ഫോക്‌ലോർ കലാകാരൻമാരെ ആദരിക്കും. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആറുമണിമുതൽ കലാപരിപാടികൾ നടക്കും. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ അഷ്റഫ്, വി കെ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, ലോകനാർകാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി നിമിഷ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ അഡ്വ. ഇ നാരായണൻ നായർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/76174/titithalam-2022-kuttyati-folklore-academy-nadan-kala-melanam)