കായക്കൊടി : കായക്കൊടി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളും, സ്വതന്ത്ര അംഗവും ഇന്ന് ഇറങ്ങിപ്പോയി. ഗ്രാമപഞ്ചായത്തിലെ 250 ഓളം വരുന്ന തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല, എന്നാരോപിച്ചാണ് ബോർഡ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
സമാനമായ രീതിയിൽ കഴിഞ്ഞ മെയ് മാസം ഇരുപതാം തീയതി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് മെമ്പർമാർ ധർണ്ണ നടത്തിയിരുന്നു. തെരുവ് വിളക്കുകൾ ദീർഘകാലമായി പ്രകാശിക്കാത്തതിലും, പഞ്ചായത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തിലും പ്രതിഷേധിച്ചായിരുന്നു ധർണ്ണ.
യുഡിഎഫ് പഞ്ചായത്ത് മെമ്പർമാരും സ്വതന്ത്ര അംഗവും ഇറങ്ങിപ്പോയതിന് ശേഷം ഉടൻ പഞ്ചായത്ത് ഭരണസമിതി 5 ലക്ഷത്തോളം രൂപ തെരുവ് വിളക്ക് പ്രവർത്തനക്ഷമമാക്കാൻ വേണ്ടി അനുവദിക്കുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ ഈ നടപടി നോട്ടീസ് ബോർഡിൽ പതിക്കുകയായിരുന്നു. രണ്ടുവർഷമായി പുതിയ ഭരണസമിതി അധികാരത്തിലേറിയിട്ടും തെരുവ് വിളക്കിനു വേണ്ടി തുക മാറ്റി വെക്കുവാൻ ആവർത്തിച്ചു സമരം ചെയ്യേണ്ടി വന്നു.
സമരം ഇന്ന് അക്ഷരാർത്ഥത്തിൽ വിജയിക്കുകയും ചെയ്തു. സമരം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫ് അംഗങ്ങൾ. പഞ്ചായത്തിന്റെ ഈയൊരു പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു.
ക്രിയാത്മകമായി എത്രയും പെട്ടെന്ന് പൂർണമായ തുകയും ചെലവഴിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ തെരുവ് വിളക്കുകളും പ്രകാശിപ്പിക്കുവാൻ വേണ്ട സത്വര നടപടി സ്വീകരിക്കാൻ ഭരണസമിതി മുൻകൈ എടുക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.
വൈസ് പ്രസിഡണ്ട് സജീഷ എടക്കുടി, ഒ.പി. മനോജ്, എം.ടി കുഞ്ഞബ്ദുള്ള, കെ പി ബിജു, അഷ്റഫ്.കെ കെ, റഫീഖ് കൊടുവങ്ങൽ, അബ്ദുല്ലത്തീഫ്, സ്വതന്ത്ര അംഗം കുമ്പളം കണ്ടി അമ്മദ് എന്നിവരാണ് ഇറങ്ങിപ്പോയത്.
Struggle Victory; UDF's walkout strike in Kayakodi was successful