---
title: "കുതിര കുഞ്ഞ് സന്തോഷ് ഹാപ്പിയാണ്; ബാഹുബലിക്കും ദേവസേനയ്ക്കും ഒരാൺകുട്ടി പിറന്നു "
english_title: "Horse baby Santosh is happy; A child was born to Bahubali and Devasena"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8110/horse-baby-santosh-is-happy-a-child-was-born-to-bahubali-and-devasena"
published_at: "2021-10-31T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617df4c0e0b4e_SANTHOSH KUTHIRA.jpg"
keywords: []
---

# കുതിര കുഞ്ഞ് സന്തോഷ് ഹാപ്പിയാണ്; ബാഹുബലിക്കും ദേവസേനയ്ക്കും ഒരാൺകുട്ടി പിറന്നു 

> **Lead Summary:** **കുറ്റ്യാടി: **ആ ദുരിതകാലമൊക്കെ കഴിഞ്ഞു. കോവിഡ് കാലത്ത് പട്ടിണി അറിയാതെ വളർത്തിയ കുതിരയ്ക്ക് കുഞ്ഞു പിറന്ന സന്തോഷത്തിലാണ് നരിക്കൂട്ടുംചാലിലെ സന്തോഷ്. അതെ ബാഹുബലിക്കും ദേവസേനയ്ക്കും ഒരാൺകുട്ടി പിറന്ന സന്തോഷത്തിലാണ് മൊകേരി നരിക്കൂട്ടുംചാലുകാലെല്ലാം. കാരണം ഈ നാടിന് പ്രിയങ്കരരായ രണ്ട് കുതിരകളാണ് ബാഹുബലിയും ദേവസേനയും.

## Article Content

**കുറ്റ്യാടി: **ആ ദുരിതകാലമൊക്കെ കഴിഞ്ഞു. കോവിഡ് കാലത്ത് പട്ടിണി അറിയാതെ വളർത്തിയ കുതിരയ്ക്ക് കുഞ്ഞു പിറന്ന സന്തോഷത്തിലാണ് നരിക്കൂട്ടുംചാലിലെ സന്തോഷ്. അതെ ബാഹുബലിക്കും ദേവസേനയ്ക്കും ഒരാൺകുട്ടി പിറന്ന സന്തോഷത്തിലാണ് മൊകേരി നരിക്കൂട്ടുംചാലുകാലെല്ലാം. കാരണം ഈ നാടിന് പ്രിയങ്കരരായ രണ്ട് കുതിരകളാണ് ബാഹുബലിയും ദേവസേനയും.

മൊകേരി പെട്രോൾപമ്പിന് സമീപം സന്തോഷ് സൂര്യയുടെ ഉടമസ്ഥതയിലുള്ള സൂര്യഫാമിൽ കുഞ്ഞിനെ കാണാനെത്തുന്നവരുടെ തിരക്കാണിപ്പോൾ. റാവൺ എന്നാണ് കേരളത്തിൽ പിറന്ന കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുതിരപ്പുറത്തൊന്ന് കയറണമെങ്കിൽ ഊട്ടിയിലോ കൊടൈക്കനാലിലോ പോകണമെന്ന സ്ഥിതിക്കൊരു മാറ്റം വേണമല്ലോ എന്ന ചിന്തയാണ് സന്തോഷിനെ കുതിരയെ വാങ്ങണമെന്ന മോഹത്തിലെത്തിച്ചത്.

ആദ്യം പെൺകുതിരയായ ദേവസേനയാണെത്തിയത്. പിന്നെ അവൾക്കൊരു ആൺകൂട്ടിനായി ബാഹുബലിയുമെത്തി. ‘പണമുണ്ടെങ്കിൽ ആർക്കും കുതിരയെ വാങ്ങാം, പക്ഷേ പരിപാലനമാണ് പ്രയാസം’- സന്തോഷ് സൂര്യ പറയുന്നു. കോവിഡ് കാലത്ത് കുതിരകൾക്ക് ഭക്ഷണത്തിന് നല്ല ബുദ്ധിമുട്ട് നേരിട്ടു. വളർത്തുമൃഗങ്ങളോടുള്ള അsങ്ങാത്ത സ്നേഹമാണ് സൂര്യ പെറ്റ്സ് ഫാം തുടങ്ങാൻ സന്തോഷിനെ പ്രേരിപ്പിച്ചത്.

മൊകേരി ടെലിഫോൺ എക്സ്ചേഞ്ചിനുസമീപം പ്രവർത്തിക്കുന്ന സൂര്യപെറ്റ്സ് ഫാമിൽ അലങ്കാരമത്സ്യങ്ങൾ, അലങ്കാരക്കോഴികൾ, നായ്ക്കുട്ടികൾ, പൂച്ചക്കുട്ടികൾ, വിവിധ തരം പക്ഷികൾ, വളർത്തുമുയലുകൾ എന്നിവയെല്ലാമുണ്ട്. വൈകുന്നേരങ്ങളിൽ കുതിരസവാരിക്കായി വരുന്നവരുടെ നീണ്ടനിരയും ഫാമിലെ കൗതുകക്കാഴ്ചയാണ്.

കോവിഡ് മഹാമാരിക്കിടയിൽ പെറ്റ്സ് ഫാമുകൾക്ക് നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധിയാണ്. അടച്ചുപൂട്ടൽ കാരണം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടായി. ലോക്‌ഡൗൺ കാലത്ത് പട്ടിണിയിലായ തെരുവോരങ്ങളിലെ മിണ്ടാപ്രാണികൾക്ക് ഭക്ഷണവുംവെള്ളവും എത്തിക്കുന്ന ദൗത്യവും സന്തോഷ് ഏറ്റെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8110/horse-baby-santosh-is-happy-a-child-was-born-to-bahubali-and-devasena)