കുറ്റ്യാടി : കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ യുടെ ഇടപെടൽ ഫലം കണ്ടു, വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് വിരാമമായി.
ബിടെക് ,ബി.സി.എ ഉൾപ്പെടെയുള്ള ബിരുദങ്ങൾ യു പി എസ് ടി നിയമന യോഗ്യതയാക്കി സർക്കാർ ഉത്തരവ് ഇറങ്ങി. ബി എഡ് കോഴ്സിനുള്ള പ്രവേശനത്തിന് യോഗ്യത മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ള കേരളത്തിലെ സർവകലാശാലകൾ നൽകുന്നതോ അംഗീകരിച്ചതോ ആയ ബി.ടെക് ,ബി.സി.എ ഉൾപ്പെടെയുള്ള എല്ലാ ബിരുദങ്ങളും കൂടി യുപിഎസ് ടി തസ്തികയിൽ നിയമനത്തിനുള്ള അക്കാദമിക യോഗ്യതയായി അംഗീകരിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടറുടെയും ,പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരത്തിൽ ഉത്തരവിറക്കിയത്.
ഇതിന് തുടർച്ചയായി കെ. ഇ ആർ ഭേദഗതിക്കുള്ള പ്രൊപ്പോസൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് സമർപ്പിക്കും. കെ.ടെറ്റ് .പരീക്ഷാ വിജ്ഞാപനത്തിലും ആവശ്യമായ മാറ്റം വരുത്തും.
യോഗ്യത സംബന്ധിച്ചുള്ള അവ്യക്ത പരിശോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ എം.എൽ.എ എന്ന നിലയിൽ ലഭിച്ചിരുന്നതായി കെ.പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
തുടർന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് ഇതു സംബന്ധിച്ചുള്ള നിവേദനം നൽകുകയും നേരിൽകണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ധാരാളം അപേക്ഷകരുടെ അവ്യക്തത നീക്കി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻകൈയെടുത്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നന്ദി അറിയിക്കുന്നതായും എം.എൽ എ പറഞ്ഞു.
No more worries; Government order making degrees including B.Tech and B.C.A. as qualification for UPST recruitment