---
title: "വെള്ളം സർവ്വത്ര റോഡിൽ; കുന്നുമ്മൽ അനുബന്ധ കുടിവെള്ള പദ്ധതി കരാറുകാർക്കെതിരെ അഴിമതി ആരോപണം "
english_title: "Water everywhere on the road; Corruption allegations against Kunnummal allied drinking water project contractors"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8265/water-everywhere-on-the-road-corruption-allegations-against-kunnummal-allied-drinking-water-project-contractors"
published_at: "2021-11-01T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f560fe62cc_vellam.jpg"
keywords: []
---

# വെള്ളം സർവ്വത്ര റോഡിൽ; കുന്നുമ്മൽ അനുബന്ധ കുടിവെള്ള പദ്ധതി കരാറുകാർക്കെതിരെ അഴിമതി ആരോപണം 

> **Lead Summary:** **കുറ്റ്യാടി: **കുടിവെള്ളം പാഴാവുമ്പോൾ കരാറുകാർക്കെതിരെ അഴിമതി ആരോപണം. കുന്നുമ്മൽ അനുബന്ധ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് പതിവാകുന്നു. നരിപ്പറ്റ പഞ്ചായത്തിലെ മണിയൂർ താഴ പൊന്തേന്റെ കീഴിൽ റോഡിൽ പടിഞ്ഞാറെ അഞ്ചങ്കണ്ടി ഭാഗത്താണ് പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം ഒഴുകുന്നത്.

## Article Content

**കുറ്റ്യാടി: **കുടിവെള്ളം പാഴാവുമ്പോൾ കരാറുകാർക്കെതിരെ അഴിമതി ആരോപണം. കുന്നുമ്മൽ അനുബന്ധ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് പതിവാകുന്നു. നരിപ്പറ്റ പഞ്ചായത്തിലെ മണിയൂർ താഴ പൊന്തേന്റെ കീഴിൽ റോഡിൽ പടിഞ്ഞാറെ അഞ്ചങ്കണ്ടി ഭാഗത്താണ് പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം ഒഴുകുന്നത്.

ഈ പദ്ധതിയുടെ പൈപ്പുകൾ പല ഭാഗത്തും അടിക്കടി തകരുന്നുണ്ട്. നിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതിനാലും പൈപ്പുകൾ തമ്മിൽ കൂട്ടിയോജിപ്പിച്ചതിലെ തകരാറുമാണ് ഇടയ്ക്കിടെ പൊട്ടുന്നതെന്നാണ് ആരോപണം. 81 കോടി രൂപ ചെലവഴിച്ച് 22 വർഷംകൊണ്ട് ഒരു വിധം പൂർത്തിയാക്കിയ പദ്ധതിയാണിത്.

മൂന്ന് വർഷം മുമ്പാണ് ഉദ്ഘാടനംചെയ്തത്. കുന്നുമ്മൽ, തൂണേരി ബ്ലോക്ക് പരിധിയിലുള്ള കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, തൂണേരി, നാദാപുരം, കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തുകളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. 1997-ൽ നിർമാണം തുടങ്ങിയ പദ്ധതി വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.

ഇ.കെ. വിജയൻ എം.എൽ.എ. 2012 മുതൽ 13 പ്രാവശ്യം നിയമസഭയിൽ പദ്ധതി കമ്മിഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സബ്മിഷൻ ഉന്നയിച്ചിരുന്നു. തുടർന്ന് സർക്കാർ വീണ്ടും നബാഡിന്റെ സഹായത്തോടെ ഫണ്ട് അനുവദിക്കുകയായിരുന്നു. കുറ്റ്യാടി പുഴയിലാണ് പദ്ധതിയുടെ കിണർ നിർമിച്ചത്. 19.3 ദശലക്ഷം സംഭരണ ശേഷിയുള്ള ജലശുദ്ധീകരണ ടാങ്ക് കുറ്റ്യാടി പഞ്ചായത്തിലെ കടേക്ക ചാലിലാണുള്ളത്. ഇവിടെനിന്ന് ശുദ്ധീകരിക്കുന്ന വെള്ളം കായക്കൊടി പഞ്ചായത്തിലെ കാപ്പുമൽ നിർമിച്ച 3.88 ദശലക്ഷം സംഭരണ ശേഷിയുള്ള ടാങ്കിലും കുറ്റ്യാടി പഞ്ചായത്തിലെ 1.50 ദശലക്ഷം സംഭരണ ശേഷിയുള്ള കൊയമ്പാര കുന്നിലെ ടാങ്കിലുമെത്തിക്കും.

പിന്നീട് അവിടെനിന്ന് ചെറിയ പൈപ്പ് വഴി കായക്കൊടി, നരിപ്പറ്റ ട്രാൻസ്‌ഫോമർ മുക്ക്, വാണിമേൽ ഇരുന്നിലാട്, വളയം നിരവുമ്മൽ, നാദാപുരം അത്യോറമല, തൂണേരി കക്കം വെള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിർമിച്ച ടാങ്കുകളിൽ എത്തിക്കുകയും തുടർന്ന് പഞ്ചായത്തുകളിലെ വീടുകളിൽ വിതരണം ചെയ്യുന്നതാണ് പദ്ധതി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8265/water-everywhere-on-the-road-corruption-allegations-against-kunnummal-allied-drinking-water-project-contractors)