---
title: "മലവെള്ളപാച്ചിൽ; ആശങ്കകൾ പരന്ന നിമിഷത്തിനിടയിലും മാതൃകയാർന്ന രക്ഷാപ്രവർത്തനം "
english_title: "Landslide near Poothampara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8623/landslide-near-poothampara"
published_at: "2021-11-03T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181f678b455e_URULPOTTAL.jpg"
keywords: []
---

# മലവെള്ളപാച്ചിൽ; ആശങ്കകൾ പരന്ന നിമിഷത്തിനിടയിലും മാതൃകയാർന്ന രക്ഷാപ്രവർത്തനം 

> **Lead Summary:** **കുറ്റ്യാടി**: ഉരുൾപൊട്ടിയുണ്ടായ മലവെള്ളപാച്ചിലിനിടയിൽ ചുരത്തിൽ കണ്ടത് കൈയ്‌മെയ് മറന്ന് രക്ഷാപ്രവർത്തനം. ആശങ്കകൾ പരന്ന നിമിഷത്തിനിടയിലും മാതൃകയാർന്ന രക്ഷാപ്രവർത്തനം ശ്രദ്ധേയമായി .ഉരുൾപൊട്ടി ചുരം റോഡ് ഉരുൾപൊട്ടലിൽ തകർന്നുവെന്ന വാർത്ത പരന്നതോടെതന്നെ ചുരംവഴി യാത്രചെയ്യുന്നവർ ആശങ്കയിലായിരുന്നു.

## Article Content

**കുറ്റ്യാടി**: ഉരുൾപൊട്ടിയുണ്ടായ മലവെള്ളപാച്ചിലിനിടയിൽ ചുരത്തിൽ കണ്ടത് കൈയ്‌മെയ് മറന്ന് രക്ഷാപ്രവർത്തനം. ആശങ്കകൾ പരന്ന നിമിഷത്തിനിടയിലും മാതൃകയാർന്ന രക്ഷാപ്രവർത്തനം ശ്രദ്ധേയമായി .ഉരുൾപൊട്ടി ചുരം റോഡ് ഉരുൾപൊട്ടലിൽ തകർന്നുവെന്ന വാർത്ത പരന്നതോടെതന്നെ ചുരംവഴി യാത്രചെയ്യുന്നവർ ആശങ്കയിലായിരുന്നു.

ജോലി കഴിഞ്ഞ് വയനാട്ടിൽനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി.ബസിലും മറ്റ് വാഹനങ്ങളിലും വരുന്ന ഒട്ടേറെ പേരാണ് ചുരത്തിന്റെ വിവിധഭാഗങ്ങളിൽ കുടുങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ വൈകുമെന്നാണ് കരുതിയതെങ്കിലും അഞ്ചുമണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം ഏഴരയോടെ അവസാനിച്ചു.

റോഡിലെ കല്ലും മണ്ണും മണ്ണുമാന്തിയന്ത്രങ്ങളുംമറ്റും ഉപയോഗിച്ച് നീക്കംചെയ്തു. സംരക്ഷണഭിത്തി തകർന്നതിനാൽ റോഡിൽ ഒഴുകിയെത്തിയ പാറക്കല്ലുകൾകൊണ്ട് താത്കാലികഭിത്തി ഒരുക്കി വാഹനങ്ങൾക്ക് സുരക്ഷയൊരുക്കി. ഇതിനുശേഷം റോഡിന് കാര്യമായ പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങളെ കടത്തിവിട്ടത്.

കുടുങ്ങിക്കിടന്ന വാഹനങ്ങളെ കടത്തിവിട്ടെങ്കിലും ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കാൻ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ജനകീയ ദുരന്തനിവാരണസേനാ പ്രവർത്തകരുമെല്ലാം കൈമെയ് മറന്ന് രംഗത്തിറങ്ങി.

വടകര ആർ.ഡി.ഒ. പി. ബിജു, തഹസിൽദാർ ആഷിഖ് തോട്ടോൻ, കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജോർജ്, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സെക്രട്ടറി ജെ.ഡി. ബാബു, തൊട്ടിൽപ്പാലം സി.ഐ. ജേക്കബ്ബ് തുടങ്ങിയവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8623/landslide-near-poothampara)