---
title: "ഉരുൾപൊട്ടിയത് ജനവാസ കേന്ദ്രത്തിനിടയിൽ; വിറങ്ങലിച്ച് കാവിലുമ്പാറ മലയോരം"
english_title: "The landslide occurred in the middle of populated areas"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8624/the-landslide-occurred-in-the-middle-of-populated-areas"
published_at: "2021-11-03T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181fd8f5dc6b_URULPOTTAL.jpg"
keywords: []
---

# ഉരുൾപൊട്ടിയത് ജനവാസ കേന്ദ്രത്തിനിടയിൽ; വിറങ്ങലിച്ച് കാവിലുമ്പാറ മലയോരം

> **Lead Summary:** **കുറ്റ്യാടി**: ജനവാസമുള്ള പ്രദേശങ്ങൾക്ക് നടുവിലാണ് ഉരുൾപൊട്ടിയത് .അപകട സമയത്ത് ഈ പ്രദേശത്തും ചുരത്തിലും ആളൊഴിഞ്ഞത് വലിയ ഭാഗ്യമായാണ് നാട്ടുകാർ കരുതുന്നത്. രണ്ടരമണിക്കൂർ പെയ്ത തോരാമഴ, പിന്നാലെ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ.

## Article Content

**കുറ്റ്യാടി**: ജനവാസമുള്ള പ്രദേശങ്ങൾക്ക് നടുവിലാണ് ഉരുൾപൊട്ടിയത് .അപകട സമയത്ത് ഈ പ്രദേശത്തും ചുരത്തിലും ആളൊഴിഞ്ഞത് വലിയ ഭാഗ്യമായാണ് നാട്ടുകാർ കരുതുന്നത്. രണ്ടരമണിക്കൂർ പെയ്ത തോരാമഴ, പിന്നാലെ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ.

കുറ്റ്യാടി കാവിലുമ്പാറ മലയോരം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചുനിന്ന നിമിഷങ്ങളായിരുന്നു ഇന്നലെ വൈകീട്ട്. ഉച്ചമുതൽ തുടങ്ങിയതാണ് മഴ. നിർത്താതെ പെയ്തതോടെ തന്നെ പ്രദേശവാസികൾ അപകടം മണത്തിരുന്നു. ഇതിനുപിന്നാലെയാണ് കാവിലുംപാറ മുളവട്ടത്തും വള്ളുവൻകുന്നിലുമെല്ലാം ഉരുൾപൊട്ടിയത്.

മുളവട്ടത്തെ ഉരുൾപൊട്ടലാണ് പക്രംതളം ചുരം റോഡിനെ തകർത്തത്. റോഡും സംരക്ഷണഭിത്തിയും തകർത്തുകൊണ്ട് മലവെള്ളം കുതിച്ചു. പലസ്ഥലങ്ങളിൽനിന്നായി ഒഴുകിയെത്തിയ മലവെള്ളം കുറേസമയം റോഡിലൂടെയാണ് താഴേക്ക് ഒഴുകിയത്. ഇതോടെ റോഡ് പ്രളയത്തിൽ മുങ്ങി.

തൊട്ടിൽപ്പാലത്തുനിന്നും ചുരത്തിലേക്ക് വാഹനങ്ങൾ വരുന്നത് പോലീസ് ഇടപെട്ട് തടഞ്ഞു. കുറെ വാഹനങ്ങൾ ചുരത്തിന്റെ വിവിധഭാഗങ്ങളിലായി കുടുങ്ങി. പട്ട്യാട്ട് പാലത്തിന്റെ സമീപത്തുനിന്നാണ് വെള്ളം റോഡിൽനിന്ന് പുഴയിലേക്ക് ചേർന്നത്. റോഡ് വഴി വെള്ളം കുത്തിയൊഴുകിയത് സമീപവാസികളെ ഏറെനേരം ഭീതിയിലാക്കി.

സാമൂഹികമാധ്യമങ്ങൾവഴി ഈ വിവരങ്ങൾ തത്സമയം നാടാകെ പരന്നു.ഇത് തുടർന്ന് ഇതുവഴിയുള്ള യാത്ര ഒഴിവാക്കാനും വിവിധ ഇടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരെ യഥാസമയം എത്തിക്കാനും സഹായകമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8624/the-landslide-occurred-in-the-middle-of-populated-areas)