---
title: "നീതിക്കായി സമരം; കിടപ്പാട സമരം 34ാം ദിവസത്തിലേക്ക്"
english_title: "Struggle for Justice; The bed strike enters its 34th day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/89869/struggle-for-justice-the-bed-strike-enters-its-34th-day"
published_at: "2023-01-12T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c009817c1a7_kutti_1.jpg"
keywords: []
---

# നീതിക്കായി സമരം; കിടപ്പാട സമരം 34ാം ദിവസത്തിലേക്ക്

> **Lead Summary:** **വള്ള്യാട്:** 22 വർഷമായി താമസിച്ചു വരുന്ന വീട്ടിൽ നിന്നും കുടുംബത്തെ ഇറക്കി വിട്ടിട്ട് 34 ദിവസം പിന്നിടുന്നു. ഓട്ടോ ഡ്രൈവറായ വള്ളിയാട് സ്വദേശി പുത്തൻപുരയിൽ മായിൻകുട്ടിക്കും ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് ഈ ദുരവസ്ഥ. പെരിയാടത്ത് പ്രേമനന്ദൻ എന്നയാളിൽ നിന്നാണ് ഓട്ടോ ഡ്രൈവറായ മായൻ കുട്ടിയുടെ പിതാവ് മൊയ്തീൻ രണ്ടര ലക്ഷം രൂപ, ഒരേക്കർ 68 സെൻറ് ഭൂമിയുടെ രേഖ പണയം വെച്ച് എടുത്തിരുന്നത്.

## Article Content

**വള്ള്യാട്:** 22 വർഷമായി താമസിച്ചു വരുന്ന വീട്ടിൽ നിന്നും കുടുംബത്തെ ഇറക്കി വിട്ടിട്ട് 34 ദിവസം പിന്നിടുന്നു. ഓട്ടോ ഡ്രൈവറായ വള്ളിയാട് സ്വദേശി പുത്തൻപുരയിൽ മായിൻകുട്ടിക്കും ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് ഈ ദുരവസ്ഥ. പെരിയാടത്ത് പ്രേമനന്ദൻ എന്നയാളിൽ നിന്നാണ് ഓട്ടോ ഡ്രൈവറായ മായൻ കുട്ടിയുടെ പിതാവ് മൊയ്തീൻ രണ്ടര ലക്ഷം രൂപ, ഒരേക്കർ 68 സെൻറ് ഭൂമിയുടെ രേഖ പണയം വെച്ച് എടുത്തിരുന്നത്.

സുപ്രീംകോടതിയിൽ കേസ് നടപടി പുരോഗമിക്കുന്നതിനിടെയാണ് കീഴ് കോടതി ഉത്തരവിന്റെ മറവിൽ പോലീസ്, ഫയർഫോഴ്സ് സന്നാഹത്തിൽ പണവും സ്വാധീനവും ഉപയോഗിച്ച് ബ്ലേഡ് മാഫിയ സംഘം വീട് കയ്യേറിയത്. മുഖ്യമന്ത്രി, എംഎൽഎ, റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ബ്ലേഡ് മാഫിയുടെ ഭീഷണിയെപ്പറ്റി പരാതി പലതവണ നൽകിയിരുന്നു. എന്നാൽ സ്വാധീനവും രാഷ്ട്രീയ പിൻബലവും ഉള്ള ബ്ലേഡ് മാഫിയ ചുളു വിലക്ക് ലഭിച്ച ഭൂമി കൈക്കലാക്കാൻ ലക്ഷങ്ങൾ മുടക്കുകയും, കുടുംബത്തിന്റെ ജീവന് ഭീഷണി ഉണ്ടാകുന്ന വിധത്തിൽ പ്രവർത്തിക്കുകയുമായിരുന്നു.

നേരത്തെ മുതലും പലിശയും നൽകിയശേഷം വീണ്ടും പലിശക്കായി ഭീഷണിപ്പെടുത്തുകയുണ്ടായി. വയോധികനായ മായന്റെ ഉപ്പയായ മൊയ്തീനെ ഗുണ്ടകളെ വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് രേഖകളിൽ നിർബന്ധപൂർവ്വം ഒപ്പിടുവിച്ചു വസ്തു വിൽപ്പനക്കരാറിൽ നാലുലക്ഷം രൂപയ്ക്ക് സ്ഥലംവിറ്റതായി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തുമെന്നുമാണ് പരാതി. നീതിക്കായി ജനകീയ സമരത്തിന്റെ 33ാം ദിനം വള്ളിയാട്ടെ സമരപ്പന്തലിൽ വനിതാ ലീഗ് നേതാവ് അഡ്വ: ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കിടപ്പാടം നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ബന്ധപ്പെട്ട സർക്കാരും അധികൃതരും ശ്രദ്ധ ചെലുത്തണമെന്നും, അനധികൃതമായി വീട് കൈയേറിയ ബ്ലേഡ് മാഫിയയെ നിലക്ക് നിർത്തണമെന്നും അവർ പറഞ്ഞു. നേരത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരിൽ പലരും പല സ്വാധീനത്താൽ പിന്നോട്ട് പോയിരുന്നു, അതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഫാത്തിമ തഹ്ലിയ പ്രതികരിച്ചത്. അത്തരക്കാരിൽ മനുഷ്യത്വത്തിന്റെ അംശം പോലും ഇല്ലെന്നും അവർ സാമൂഹിക നന്മയല്ല ഉദ്ദേശിക്കുന്നതും അവർ കുറ്റപ്പെടുത്തി.

എം സി അഷ്റഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി ഷഹനാസ്, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബവിത് മലോൽ, പി അബ്ദുറഹ്മാൻ, അഹമ്മദാജി പനയുള്ളതിൽ, മുത്തു തങ്ങൾ സംസാരിച്ചു. ഇ പി മൂസ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു. എത്രയും പെട്ടെന്ന് മായിൻ കുട്ടിക്കും കുടുംബത്തിനും വീട് ലഭ്യമാകട്ടെ എന്ന പ്രതീക്ഷയിലാണ് വള്ള്യാട്ടെ നാട്ടുകാരും പ്രദേശവാസികളും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/89869/struggle-for-justice-the-bed-strike-enters-its-34th-day)