---
title: "വട്ടോളിക്കാരുടെ സ്നേഹപ്പീടിക; കട ബാക്കിയായി കൃഷ്ണേട്ടൻ യാത്രയായി "
english_title: "Love of Vatolikars; Krishnanetan left the store and left"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95023/love-of-vatolikars-krishnanetan-left-the-store-and-left"
published_at: "2023-02-06T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0a095407cf_krishnan.jpg"
keywords: []
---

# വട്ടോളിക്കാരുടെ സ്നേഹപ്പീടിക; കട ബാക്കിയായി കൃഷ്ണേട്ടൻ യാത്രയായി 

> **Lead Summary:** **വട്ടോളി**: കെ.പി കൃഷ്ണൻ്റെ മരണത്തോടെ കച്ചവടത്തിൽ സത്യസന്ധതയും സംശുദ്ധിയും നിലനിർത്തിയ നാട്ടിൻ പുറത്തെ ഒരു കച്ചവടക്കാരനാണ് ഓർമയാകുന്നത്.

## Article Content

**വട്ടോളി**: കെ.പി കൃഷ്ണൻ്റെ മരണത്തോടെ കച്ചവടത്തിൽ സത്യസന്ധതയും സംശുദ്ധിയും നിലനിർത്തിയ നാട്ടിൻ പുറത്തെ ഒരു കച്ചവടക്കാരനാണ് ഓർമയാകുന്നത്.

കിട്ടൻ്റെ പീടിക എന്ന കൃ ഷ്ണേട്ടൻ്റെ കട എന്നും വട്ടോളിക്കാരുടെ സൂപ്പർമാർക്കറ്റായിരുന്നു .ഗൃഹാതുരത്വത്തിൻ്റെ നിരപ്പലകകളോടെ വട്ടോളി എൽ പി സ്കൂളിനു സമീപം തലയുയർത്തി നിൽക്കുന്ന ഈ കടയിൽ നാരങ്ങ മിഠായി മുതൽ പല വ്യജ്ഞനങ്ങൾ വരെ എന്നും ലഭ്യമായിരുന്നു.

കുട്ടികൾക്കും അധ്യാപകർക്കും വീട്ടമ്മമാർക്കും നാട്ടുകാർക്കുമെല്ലാം ഏറെ ബഹുമാനവും കരുതലും നൽകുന്ന ഒരു അപൂർവ കച്ചവടക്കാരന്റെ വ്യക്തിത്വമായിരുന്നു കൃഷ്ണന്റേത്.

കുന്നുമ്മൽ പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണ്. സാധനങ്ങൾ വാങ്ങാൻ വരുന്നവരോട് വീട്ടുവിശേഷങ്ങൾ മുതൽ പൊതു പ്രശ്നങ്ങളും ആരോഗ്യ കാര്യങ്ങളും സംസാരിച്ചുകൊണ്ടായിരുന്നു കൃഷ്ണേട്ടൻ്റെ കച്ചവടം. നല്ല വായനക്കാരൻ കൂടിയായ കൃഷ്ണേട്ടൻ ഒഴിവു സമയം പുസ്തകവായനക്കായി നീക്കിവെച്ചു.പ്രായഭേതമന്യേ എല്ലാവർക്കും തൻ്റെ അറിവുകൾ പകർന്നു നൽകി.

സാധനങ്ങൾ വാങ്ങുന്നവർക്ക് എത്ര ചെറിയ കണക്കും കടലാസിൽ കുറിച്ച് കൊടുക്കുക എന്നത് കൃഷ്ണേട്ടൻ്റെ കച്ചവടത്തിൻ്റെ പ്രത്യേകതയായിരുന്നു. അങ്ങാടികളിലെ വലിയ അനാദി ക്കടകളിലെ അതേ വിലയ്ക്ക് സാധനങ്ങൾ ഈ കടയിൽ ലഭ്യമായി.

സാധനങ്ങൾ യഥാസമയം ആവശ്യക്കാർക്ക് കൊടുക്കുകയും, ശമ്പളവും മറ്റും ലഭ്യമാകുന്ന മുറയ്ക്ക് മാത്രം പണമിടപാട് നടത്തുകയും ചെയ്ത് സാമ്പത്തിക പ്രയാസങ്ങളെ മറികടക്കാൻ പഴയ കാലത്ത് കൃഷ്ണേട്ടൻ ചെയ്ത സേവനങ്ങളെ നാട്ടുകാർ നന്ദി പൂർവം ഓർക്കുന്നു.

വട്ടോളി പ്രദേശത്തെ വിവിധ തലമുറകളിൽപ്പെട്ടവരുടെ മനസ്സിൽ കൃഷ്ണേട്ടൻ്റെ കടയുടെ ഓർമ്മകൾ നെല്ലിക്കാ മധുരമായി നിറഞ്ഞു നിൽക്കുന്നതതു കൊണ്ടാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95023/love-of-vatolikars-krishnanetan-left-the-store-and-left)