---
title: "കുറ്റ്യാടി കനാൽ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാൽ 20ന് തുറക്കും"
english_title: " The left bank main canal of the Kuttyadi Canal Irrigation Project will be opened on the 20th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96069/the-left-bank-main-canal-of-the-kuttyadi-canal-irrigation-project-will-be-opened-on-the-20th"
published_at: "2023-02-10T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f74fb19ca_4.jpg"
keywords: []
---

# കുറ്റ്യാടി കനാൽ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാൽ 20ന് തുറക്കും

> **Lead Summary:** **കുറ്റ്യാടി**: കുറ്റ്യാടി കനാൽ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാൽ 20ന് തുറക്കും. 39.9 കിലോമീറ്റർ ഇടതുകര പ്രധാന കനാലും 34.2 കിലോ മീറ്റർ വലതുകര പ്രധാന കനാലുമടക്കം 10 ബ്രാഞ്ച് കനാലുകളും 70 ഡിസ്ട്രിബ്യൂട്ടറികളും 107 സബ് ഡിസ്ട്രിബ്യൂട്ടറികളും ഫീൽഡ് ബോത്തികളുമടക്കം 600 ലേറെ കിലോമീറ്റർ ഉള്ളതാണ് കനാൽ ശൃംഖല.

## Article Content

**കുറ്റ്യാടി**: കുറ്റ്യാടി കനാൽ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാൽ 20ന് തുറക്കും. 39.9 കിലോമീറ്റർ ഇടതുകര പ്രധാന കനാലും 34.2 കിലോ മീറ്റർ വലതുകര പ്രധാന കനാലുമടക്കം 10 ബ്രാഞ്ച് കനാലുകളും 70 ഡിസ്ട്രിബ്യൂട്ടറികളും 107 സബ് ഡിസ്ട്രിബ്യൂട്ടറികളും ഫീൽഡ് ബോത്തികളുമടക്കം 600 ലേറെ കിലോമീറ്റർ ഉള്ളതാണ് കനാൽ ശൃംഖല.

ഇതിൽ കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര പ്രധാന കനാൽ തുറക്കാനാണ് കലക്ടർ ചെയർമാനായ ഉപദേശകസമിതിയോഗം തീരുമാനിച്ചത്. പ്രധാന കനാലിൽനിന്നുള്ള ബ്രാഞ്ച് കനാലുകളും ഡിസ്ട്രിബ്യൂട്ടറികളും തുറക്കുന്നത് അതത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാർ, പാടശേഖര സമിതി ഭാരവാഹികൾ, കൃഷി ഓഫീസർമാർ, കർഷകർ എന്നിവരുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് തീരുമാനിക്കും.

അരനൂറ്റാണ്ട് മുമ്പ് നിർമിച്ച കനാലിന്റെ പലഭാഗങ്ങളും തകർന്നിട്ടുണ്ട്‌. വടകര താലൂക്കിൽ നവീകരണം പൂർത്തിയാകുന്നമുറക്ക് തുറക്കും. മരുതോങ്കര മുണ്ടക്കുറ്റി ഭാഗത്ത് തകർന്ന വലതുകര പ്രധാന കനാൽ നവീകരണമാണ്‌ പ്രധാനമായും നടന്നത്. ഇവിടെ കോൺക്രീറ്റ് ചെയ്ത്‌ ബലപ്പെടുത്തി.

പുതിയ ദേശീയപാതാ നിർമാണത്തിനായി ഇരിങ്ങൽ ബ്രാഞ്ച് കനാൽ പത്തിടത്ത് പൊളിച്ചിരുന്നു. ഇവിടെ പുനർനിർമിച്ച ശേഷമേ ജലവിതരണം നടക്കൂ. ആവർത്തന ചെലവ് വരുന്നവ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കരുതെന്ന കേന്ദ്ര സർക്കാർ നിർദേശം വന്നതോടെ രണ്ടുവർഷമായി കനാലുകളുടെ ശുചീകരണം മുടങ്ങി. ഈ സാഹചര്യത്തിൽ റിപ്പബ്ലിക്‌ ദിനത്തിൽ കർഷകസംഘം അരലക്ഷം പേരെ പങ്കെടുപ്പിച്ചു കനാലുകൾ ശുചീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 24 നാണ് കനാൽ തുറന്നത്. ശോച്യാവസ്ഥകാരണം പല ഭാഗങ്ങളിലും വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. കർഷകസംഘത്തിന്റെ ഇടപെടലിലൂടെ ഇത്തവണ നേരത്തെ കനാൽ തുറക്കാനായി. കൂടുതൽ പ്രദേശത്തേക്ക്‌ വെള്ളമെത്തിക്കാനുമാകും. കുറ്റ്യാടി കനാൽ നവീകരണത്തിന് നാലുമാസംമുമ്പ് സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ ബജറ്റിൽ അഞ്ചുകോടിയും വകയിരുത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96069/the-left-bank-main-canal-of-the-kuttyadi-canal-irrigation-project-will-be-opened-on-the-20th)