---
title: "പുതിയ ചുമതല; അദീല അബ്ദുല്ല       വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് എംഡി "
english_title: "new task; Vizhinjam Seaport Limited MD"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96143/new-task-vizhinjam-seaport-limited-md"
published_at: "2023-02-10T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e648a63e3fa_shift.jpg"
keywords: []
---

# പുതിയ ചുമതല; അദീല അബ്ദുല്ല       വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് എംഡി 

> **Lead Summary:** **കുറ്റ്യാടി**: മലബാറിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ പാസായ ആദ്യ മുസ്ലിം വനിത എന്ന ചരിത്ര ബഹുമതി നേടിയ ഡോ: അദീല അബ്ദുല്ല ഐഎഎസ് ഇനി പുതിയ പദവിയിൽ. വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എംഡിയാണ് ചുമതലയേറ്റത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അവർ അത്യധികം സന്തോഷം പ്രകടിപ്പിച്ചു. അപ്രതീക്ഷിതമായി ഐഎഎസ് എന്ന ലക്ഷ്യത്തിലേക്ക് പ്രവേശിക്കുകയായിരുന്നു അദീല.

## Article Content

**കുറ്റ്യാടി**: മലബാറിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ പാസായ ആദ്യ മുസ്ലിം വനിത എന്ന ചരിത്ര ബഹുമതി നേടിയ ഡോ: അദീല അബ്ദുല്ല ഐഎഎസ് ഇനി പുതിയ പദവിയിൽ. വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എംഡിയാണ് ചുമതലയേറ്റത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അവർ അത്യധികം സന്തോഷം പ്രകടിപ്പിച്ചു. അപ്രതീക്ഷിതമായി ഐഎഎസ് എന്ന ലക്ഷ്യത്തിലേക്ക് പ്രവേശിക്കുകയായിരുന്നു അദീല.

പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് കഴിഞ്ഞ് അഗളിയിലെ ഹെൽത്ത് സെന്ററിലെ താൽക്കാലിക സേവനത്തിനിടയിലാണ് സിവിൽ സർവീസ് മോഹമുദിച്ചത്. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു സിവിൽ സർവീസ് പരിശീലനം. കണ്ണൂർ ജില്ലയിൽ സബ് കലക്ടർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന്, മലപ്പുറം ജില്ലയിലെ തിരൂർ സബ് കലക്ടർ ആയിട്ടായിരുന്നു ആദ്യ നിയമനം.

2019 ജൂൺ 20 മുതൽ നവംബർ 8 വരെ ആലപ്പുഴ ജില്ലാ കലക്ടർ ആയിരുന്നു. 2019 നവംബർ മുതൽ 2021 ഓഗസ്റ്റ് വരെ വയനാട് ജില്ല കലക്ടറായി. പുത്തുമലയിലും കവളപ്പാറയിലും പ്രകൃതി ദുരന്തമുണ്ടായ സമയത്ത് ജനസേവനത്തിനായി എടുത്ത പല തീരുമാനങ്ങളും പിന്നീട് ഏറെ പ്രശംസക്ക് നിഥാനമായി. പുതിയ പദവിയിൽ ചുമതലയേറ്റ ഉടനെ അദീല വിഴിഞ്ഞം തുറമുഖം എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ചു മുന്നേറാം എന്ന സന്ദേശമാണ് അവർ കൈമാറിയത്.

അദീലയുടെ ഓരോ നേട്ടത്തിലും അഭിമാനിക്കുകയാണ് കുറ്റ്യാടി വടയം പ്രദേശം. കുറ്റ്യാടി വടയം സ്വദേശിയായ നെല്ലിക്കണ്ടി അബ്ദുല്ലയുടെയും, നാദാപുരം ടി.ഐ എം ഗേൾസ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക ബിയാത്തു ടീച്ചറുടെയും മകളാണ്. കുറ്റ്യാടി ഗുഡ് ഫെയ്ത്ത് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായതിനുശേഷം ചാത്തമംഗലം എംഇഎസ് രാജാ റസിഡൻസൽ സ്കൂളിൽ പഠിച്ചു. തുടർന്ന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പാസായി. 2012 ൽ 230ാം റാങ്കോട് കൂടിയാണ് ഐഎഎസ് പാസായത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96143/new-task-vizhinjam-seaport-limited-md)