---
title: "സ്നേഹ ഗ്രാമത്തിലേക്ക്; അണിയിച്ചൊരുക്കി നരിപ്പറ്റ നാടക സമിതി "
english_title: "To the village of love; Naripatta drama committee dressed up"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97183/to-the-village-of-love-naripatta-drama-committee-dressed-up"
published_at: "2023-02-15T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec945e499ed_snehagm.jpg"
keywords: []
---

# സ്നേഹ ഗ്രാമത്തിലേക്ക്; അണിയിച്ചൊരുക്കി നരിപ്പറ്റ നാടക സമിതി 

> **Lead Summary:** **നരിപ്പറ്റ:** നരിപ്പറ്റ നാടക സമിതിയുടെ നേതൃത്വത്തിൽ സ്നേഹഗ്രാമം ആരംഭിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ വേദികളിൽ സ്നേഹത്തിൻ്റെ തെളിനീരും കരുതലിൻ്റെ കരസ്പർശവും ജാഗ്രതയുടെ തിരിവെട്ടവും നൽകി മനസ്സുണർത്തുകയാണ് പുരോഗമന കലാസാഹിത്യസംഘം നരിപ്പറ്റ നാടകസമിതി അണിയിച്ചൊരുക്കുന്ന സ്നേഹ ഗ്രാമം എന്ന നാടകം.

## Article Content

**നരിപ്പറ്റ:** നരിപ്പറ്റ നാടക സമിതിയുടെ നേതൃത്വത്തിൽ സ്നേഹഗ്രാമം ആരംഭിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ വേദികളിൽ സ്നേഹത്തിൻ്റെ തെളിനീരും കരുതലിൻ്റെ കരസ്പർശവും ജാഗ്രതയുടെ തിരിവെട്ടവും നൽകി മനസ്സുണർത്തുകയാണ് പുരോഗമന കലാസാഹിത്യസംഘം നരിപ്പറ്റ നാടകസമിതി അണിയിച്ചൊരുക്കുന്ന സ്നേഹ ഗ്രാമം എന്ന നാടകം.

എ കെ രാജീവൻ മുളളമ്പത്ത് രചനയും ലിനീഷ് നരയംകുളം സംവിധാനവും നിർവ്വഹിച്ച നാടകമാണിത്. പുരോഗമന കലാസാഹിത്യസംഘം കോവുക്കുന്ന് യൂണിറ്റും നട്ടൊരുമ കരിങ്ങാട്ടുനടയും സംയുക്തമായി കെ പി ദിലീശൻ്റെ വീട്ടിൽവച്ചു നടത്തിയ കൂട്ടായ്മയിൽ അരങ്ങേറിയ 'സ്നേഹഗ്രാമം' അതിനാൽത്തന്നെ ഏറെ ശ്രദ്ധേയമായി.

വർത്തമാനകാലത്തിൻ്റെ ആകുലതകളെ അതിശയോക്തികളില്ലാതെ നാടകം അരങ്ങിലെത്തിക്കുന്നുണ്ട്. ജീവിതസമരങ്ങളോടും അതിജീവനങ്ങളോടും അരുതെന്നു പറയുന്ന, നീതിയില്ലാത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന വ്യവസ്ഥകൾക്കെതിരെ ഒന്നിച്ചുനിൽക്കാൻ, അഗ്നിയാകാൻ നാടകം ആഹ്വാനം ചെയ്യുന്നു.

ലഹരിയും, അന്ധവിശ്വാസവും, നാനാതരത്തിലുള്ള വിദ്വേഷങ്ങളും, വിഭജനേച്ഛകളും, സാമ്പത്തിക അരക്ഷിതാവസ്ഥയും പിടിമുറുക്കുന്ന വർത്തമാനകാല ജീവിതയാഥാർത്ഥ്യങ്ങളുടെ പച്ചയായ ആവിഷ്കാരം ഗ്രാമസദസ്സുകളിലെ പ്രേക്ഷകമനസ്സുകളിൽ ജാഗ്രതയുടെ തീവെട്ടങ്ങൾ കൊളുത്തിവെക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97183/to-the-village-of-love-naripatta-drama-committee-dressed-up)