---
title: "മണ്ണ് നീക്കം ചെയ്യും; ഒരു മാസത്തിനകം പൂർത്തിയാക്കും. കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ "
english_title: "Soil will be removed; It will be completed within a month. K. P Kunhammed Kutty Master MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98478/soil-will-be-removed-it-will-be-completed-within-a-month-k-p-kunhammed-kutty-master-mla"
published_at: "2023-02-20T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3a77421353_mla.jpg"
keywords: []
---

# മണ്ണ് നീക്കം ചെയ്യും; ഒരു മാസത്തിനകം പൂർത്തിയാക്കും. കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ 

> **Lead Summary:** **കുറ്റ്യാടി**: അരൂർ ഗുളികപ്പുഴ റോഡിലെ ഡ്രെയിനേജിലെ മണ്ണ് നീക്കൽ പ്രവർത്തി മാർച്ച് മാസത്തിനകം പൂർത്തിയാക്കുമെന്ന് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കുക.

## Article Content

**കുറ്റ്യാടി**: അരൂർ ഗുളികപ്പുഴ റോഡിലെ ഡ്രെയിനേജിലെ മണ്ണ് നീക്കൽ പ്രവർത്തി മാർച്ച് മാസത്തിനകം പൂർത്തിയാക്കുമെന്ന് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കുക.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഴക്കാലത്ത് തീക്കുനി ടൗണിൽ വെള്ളം കയറുന്നുണ്ട്. കടകളിലും മറ്റ് കെട്ടിടങ്ങളിലും വെള്ളം കയറുകയും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് തീക്കുനി ടൗൺ സ്ഥിതി ചെയ്യുന്ന അരൂർ ഗുളികപ്പുഴ റോഡിലും വെള്ളം കയറുന്നത് പതിവായിട്ടുണ്ട്.

ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജ്യോതിലക്ഷ്മി വി.കെ. യുടെയും, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിലിന്റെയും ,മറ്റ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും , പൊതുമരാമത്ത് വകുപ്പ്, മൈനർ ഇറിഗേഷൻ വിഭാഗം,കുറ്റ്യാടി ഇറിഗേഷൻ വിഭാഗം , മണ്ണ് ജല സംരക്ഷണ വിഭാഗം എന്നിവയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ സ്ഥല സന്ദർശനം നടത്തി.

ഈ പ്രശ്നത്തിന്റെ പ്രധാന കാരണം തീക്കുനി വാച്ചാൽ തോടിലൂടെയുള്ള ഒഴുകിന് നേരിടുന്ന തടസ്സമാണ് എന്ന് നേരിട്ട് ബോധ്യപ്പെട്ടു. തീക്കുനി വാച്ചാൽ തോട് പല സ്ഥലത്തും വീതി കുറഞ്ഞിരിക്കുന്നതായി കാണാൻ കഴിഞ്ഞു.ചില സ്ഥലങ്ങളിൽ തോടിന്റെ വശങ്ങൾ തകർന്നിട്ടുമുണ്ട്.

തോട് ആവശ്യമായ വീതിയിൽ കെട്ടി സംരക്ഷിച്ചാൽ മാത്രമെ ഈ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളു. സന്ദർശനത്തെ തുടർന്ന് നടന്ന യോഗത്തിൽ, വേളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 350 മീറ്ററോളം വരുന്ന തോടിന്റെ വശങ്ങൾ കെട്ടുന്ന പ്രവൃത്തി മാർച്ച് മാസം ആരംഭിക്കുമെന്ന് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

പുറമേരി ഗ്രാമപഞ്ചായത്തിൽ 100 മീറ്റർ മാത്രം ബാക്കിയുള്ള തോടിന്റെ ഭാഗം അടിയന്തരമായി കെട്ടി സംരക്ഷിക്കുന്നതിന് തീരുമാനിച്ചു.

ഇപ്പോൾ പുറമേരി ഗ്രാമപഞ്ചായത്തിൽ തോടിന്റെ പ്രവൃത്തി അവസാനിച്ചിരിക്കുന്ന ഭാഗത്ത് തോടിന് 4 മീറ്ററിൽ ഏറെ വീതിയുണ്ട്. തുടർന്നുള്ള തോടിന്റെ ഭാഗങ്ങളിൽ 4 മീറ്റർ എങ്കിലും വീതിയുണ്ടെങ്കിൽ മാത്രമേ വെള്ളക്കെട്ടിൽ നിന്ന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.

തോട് സംരക്ഷണ പ്രവർത്തിക്കായുള്ള എസ്റ്റിമേറ്റ് ജലസേചന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും തയ്യാറാക്കും.

തോടിലൂടെയുള്ള നീരൊഴുക്ക് തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനായി മാർച്ച് 19ന് നാട്ടുകാർ ശ്രമദാനമായി തോട് വൃത്തിയാക്കൽ നടത്താനും തീരുമാനിച്ചു.

കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള ജലസേചന പൈപ്പുകൾ തോടിന്റെ ഒഴുക്കിന് തടസ്സം നിൽക്കുന്ന സ്ഥലത്തായത് പുനസ്ഥാപിക്കേണ്ടത് പരിശോധിക്കുവാൻ കുറ്റ്യാടി ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

വരുംവർഷങ്ങളിൽ ഈ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകണമെങ്കിൽ തീക്കുനി വാച്ചാൽ തോടിലൂടെയുള്ള ഒഴുക്ക് പുനസ്ഥാപിക്കണം.

ഇതിനായി എല്ലാവരുടെയും സഹകരണം തുടർ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98478/soil-will-be-removed-it-will-be-completed-within-a-month-k-p-kunhammed-kutty-master-mla)