തണ്ണീർപന്തൽ: തണ്ണീർപ്പന്തൽ അരൂർ റോഡിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയിൻ കനാലിന്റെ ഭാഗമായുള്ള ചക്കിട്ടാങ്കണ്ടി പാലം അപകടാവസ്ഥയിൽ.
35 വർഷം പഴക്കമുള്ള പാലത്തിന്റെ കോൺക്രീറ്റ് നശിച്ച് കമ്പി മുഴുവൻ പുറത്തായ നിലയിലാണ്.
അരൂരിൽനിന്ന് എളുപ്പത്തിൽ വടകരയ്ക്ക് എത്തുന്നതിന് ജനങ്ങൾ ഉപയോഗിക്കുന്ന ഈ വഴിയിൽ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് പോവുന്നത്.
കൂടാതെ വടകര താലൂക്ക് ഹോമിയോ ആശുപത്രി സ്ഥിതിചെയ്യുന്നത് കനാലിന് സമീപമാണ്.
ഇവിടേക്കുള്ള രോഗികളുടെ വാഹനങ്ങളും ഈ പാലത്തിൽക്കൂടിയാണ് ആശുപത്രിയിൽ എത്തുന്നത്.
ഈ കനാലിന്റെ ഭാഗമായ മണക്കുളങ്ങര ഭാഗത്ത് കനാലിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് പുറമേരി പഞ്ചായത്തിന്റെ ആറാംവാർഡ് ഉൾപ്പെടെയുള്ള പ്രദേശത്ത് മുമ്പ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
കനാൽപ്പാലത്തിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
കൂടാതെ കടമേരി ഭാഗത്തേക്കുള്ള കനാൽ റോഡിനിരുവശവും സമീപത്തെ മില്ലിലെ മരങ്ങൾ ഇറക്കുന്നതും പാലത്തിന്റെ ഉൾപ്പെടെയുള്ള അപകടാവസ്ഥയ്ക്ക് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
അശ്രദ്ധമായി മരങ്ങൾ ഇറക്കുന്നത് കാരണം കനാലിന്റെ സൈഡിലെ സർവേക്കുറ്റികൾ തകരുന്നതായും റോഡിനിരുവശവും മരങ്ങൾ സൂക്ഷിച്ചത് കാരണം ഇവിടെ അപകടം പതിവാകുന്നതായും ഇവർ പറയുന്നു.
News from our Regional Network
RELATED NEWS
