നരിപ്പറ്റയിലെഫാത്തിമ മോൾ ജീവിതത്തിലേക്ക്; ഹൃദയം തൊട്ട് ഡോക്ടറുടെ കുറിപ്പ്, നന്ദി പറഞ്ഞ് മതിവരാതെ നാട്

By Newsdesk | Monday May 4th, 2020

SHARE NEWS
SHARE NEWS

കക്കട്ടിൽ: നരിപ്പറ്റയിലെ ഫാത്തിമ മോൾ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ചീക്കോ ന്നിലെ മൂന്ന് കുഞ്ഞാങ്ങളമാർക്ക് വീണ്ടും കളി ചിരിയുടെ നാളുകൾ. ഇതിനെല്ലാം വരിയൊരുക്കിയ ഡോക്ടറുടെ ഹൃദയം തൊട്ടുള്ള കുറിപ്പ്, നന്ദി പറഞ്ഞ് മതിവരാതെ നരിപ്പറ്റ യെന്ന ഗ്രാമവും ലോകമെങ്ങുമുള്ള പ്രവാസികളും .

ചീക്കോന്നിലെ പ്രവാസിയുടെ മകളായ ഒരു വയസ്സുകാരി ഫാത്തിമ ഷാനു അപകടത്തിൽപ്പെട്ടത് കഴിഞ്ഞ മാസമാണ്. ഉമ്മ പൂരി ചുടുന്നതിനിടെ പിച്ചവെച്ച് അടുക്കളയിലെത്തിയ കുഞ്ഞ് ഗ്യാസ് ട്യൂബ് പിടിച്ച് വലിക്കുകയായിരുന്നു. തിളച്ച വെളിച്ചെണ്ണ ചട്ടി തലയിലേക്ക് മറിഞ്ഞ് കുഞ്ഞ് മരണത്തോട് മല്ലടിച്ചു, ഇനി നമുക്ക് ഫാത്തിമ മോളുടെ ജീവൻ തിരികെ തന്ന കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ.കെ എസ് കൃഷ്ണ കുമാറിൻ്റെ ആകുറിപ്പ് വായിക്കാം………..

ഫാത്തിമ ഷാനു ഇന്ന് ഡിസ്ചാര്‍ജ്ജാവുകയാണ്. അവിചാരിതമായി വന്ന മറ്റൊരു ശ്‌സത്രക്രിയയുടെ തിരക്കിലായതിനാല്‍ കാണുവാന്‍ സാധിച്ചില്ല. യാത്ര പറയുമ്പോള്‍ കവിളില്‍ ഒരുമ്മ കൊടുക്കാന്‍ അടുത്തില്ലല്ലോ എന്ന ദു:ഖമുണ്ട് എന്നിരുന്നാലും അതിലേറെ സന്തോഷമുണ്ട്, പൂര്‍ണ്ണമായും രക്ഷനേടിയാണല്ലോ ആ പിഞ്ച് കുഞ്ഞ് വീട്ടിലേക്ക് തിരികെ പോകുന്നതെന്നോര്‍ക്കുമ്പോള്‍.

ഏപ്രിൽ 4 ആം തിയ്യതി രാത്രി 9മണിക്ക് ആണ് മിംസിൽ കുട്ടി എത്തുന്നത്. എമര്‍ജന്‍സിയിലേക്ക് ആ കേസ് വന്നത്. കൊറോണ കാലമായതിനാല്‍ പൊതുവെയുള്ള തിരക്ക് കുറവായിരുന്നെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ അതായിരുന്നില്ല അവസ്ഥ. ഇതിനിടയിലാണ് ഫോണ്‍ വരുന്നത് പൊള്ളലേറ്റ ഒരു കുഞ്ഞിനെ എത്തിച്ചിരിക്കുന്നു. ഓടിയെത്തുമ്പോള്‍ കാണുന്ന കാഴ്ച ഭയാനകമാണ്. പിഞ്ച് കുഞ്ഞാണ്, ഒരു വയസ്സ് പോലും തികഞ്ഞുകാണില്ല. 60 ശതമാനത്തിലധികം പൊള്ളലാണ്. ഈ പ്രായത്തില്‍ രക്ഷപ്പെടുത്തി എടുക്കല്‍ പോലും റിസ്‌കാണ്. വീട്ടുകാരോട് കാര്യം പറഞ്ഞു. പരമാവധി നമുക്ക് ശ്രമിക്കാം. ബാപ്പയോടും ഉമ്മയോടും ഒന്നു മാത്രം പറഞ്ഞു…പ്രാര്‍ത്ഥിക്കുക.

ഉമ്മ പൂരിയുണ്ടാക്കുമ്പോള്‍ സംഭവിച്ച അപകടമാണ്. അരമണിക്കൂറോളമായി തിളച്ചുകൊണ്ടിരിക്കുന്ന എണ്ണ എങ്ങിനെയോ കുഞ്ഞിന്റെ തലയില്‍ വീണു. തലമുതല്‍ കാല് വരെ പൊളളലാണ്. പുറക് വശവും മുഴുവനും പൊള്ളിയിരിക്കുന്നു.

പൊള്ളലിന്റെ ഭീകരതയോടൊപ്പം രണ്ട് കാര്യങ്ങള്‍ അപകടകരമാണല്ലോ എന്ന ആശങ്കയാണ് ആദ്യം മനസ്സിലെത്തിയത്. തൊണ്ടയിലെ പൊള്ളല്‍ അപകടകരമാണ്. നീര് വെച്ച് വീങ്ങിയാല്‍ ശ്വാസം കഴിക്കാനാകാതെ വരും, അത് ജീവന് ഭീഷണിയാണ്, രണ്ടാമതായി ശരീരം മുഴുവന്‍ പൊളളലുണ്ട് അതിലൂടെ ഡീ ഹൈഡ്രേഷന്‍ സംഭവിക്കാനും ജീവനെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്. ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല.

കുട്ടിയെ പെട്ടന്ന് തന്നെ പീഡിയാട്രിക് ഐ സി യു വിലേക്ക് മാറ്റി. ജീവന്‍ നിലനിര്‍ത്തണം ശ്വാസ തടതസ്സം സംഭവിക്കരുത്, ഡീ ഹൈഡ്രേഷന്‍ പ്രതിരോധിക്കണം, രക്തത്തില്‍ അണുബാധ സംഭവിക്കരുത് ഒരേസമയം പ്രതിരോധിക്കേണ്ട മുന്‍കരുതലുകള്‍ പലതായിരുന്നു. പി ഐ സി യുവില്‍ ഡോ. സതീഷ് കുമാറും, ഡോ. മഞ്ജുളയും കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്തു. ഓരോ കുഞ്ഞിനേയും സ്വന്തം കുഞ്ഞുങ്ങളെ പോലെ പരിചരിക്കുന്നവര്‍. ഉടന്‍ തന്നെ വെന്റിലേറ്റര്‍ ഘടിപ്പിച്ചു. ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട ഫ്‌ളൂയിഡ് തിരിച്ച് പിടിക്കാനായി രണ്ടോ മൂന്നോ ഡ്രിപ്പ് കയറ്റി.

 

അണുബാധയില്ലാതിരിക്കാന്‍ കുഞ്ഞിന് കൃത്രിമ തൊലി വെച്ചുപിടിപ്പിക്കണം. പിഞ്ച് കുഞ്ഞായതിനാല്‍ അനസ്‌തേഷ്യ സങ്കീര്‍ണ്ണമാണ്. പക്ഷെ ഡോ. കിഷോറും ടീമും ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. കൃത്രിമ തൊലി വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. പൂര്‍ണ്ണമായും വിജയകരമായപ്പോഴാണ് ശ്വാസം നേരെവീണത്. വലിയ വെല്ലുവിളി അതിജീവിച്ചിരിക്കുന്നു. അണുബാധയുണ്ടാകുവാനുള്ള സാധ്യത ഇനി കുറവാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെ വീണ്ടും പീഡിയാട്രിക് ഐ സി യു വിലേക്ക്…

ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കൂടെയുള്ള ഒരാള്‍ വാട്‌സ് ആപ്പിലെ വോയ്‌സ്് മെസ്സേജ് കേള്‍പ്പിച്ച് തന്നത്. ‘കുറ്റ്യാടിയില്‍ പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്, ജീവിക്കാനുള്ള സാധ്യത കുറവാണ് എന്ന് ഡോക്ടര്‍ പറഞ്ഞു! അല്ലാവരും പ്രാര്‍ത്ഥിക്കണം!!’ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് പിടിച്ച് ആശ്വാസത്തോടെ നില്‍ക്കുന്ന എന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. ഈ വാര്‍ത്ത ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ കാണാനിടയായാലെന്തായിരിക്കും അവസ്ഥ? കേള്‍ക്കുന്നവരെന്തിന് ഇത് മറ്റുള്ളവര്‍ക്ക് ഇത്ര വേഗം ഫോര്‍വേര്‍ഡ് ചെയ്യുന്നു? ഇത്രയും ക്രൂരത ചെയ്യുന്നവര്‍ക്കെന്തേ സാമാന്യ ബോധം പോലുമില്ലാതെ പോകുന്നു?

‘ ആദ്യ ഘട്ടം വിജയകരമാണ്. പക്ഷെ ഇനിയും കടമ്പകള്‍ പിന്നിടാനുണ്ട്’ രക്ഷിതാക്കളോട് പറഞ്ഞു.

‘ അവര്‍ക്കും അല്‍പം ആശ്വാസമായെന്ന് തോന്നുന്നു’

പി ഐ സി യുവില്‍ നിന്ന് കുഞ്ഞ് സാവധാനം സുഖം പ്രാപിച്ചുവന്നു. അടുത്ത ഘട്ടം ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി ഫാത്തിമ ഷാനുവിനെ വെന്റിലേറ്ററില്‍ നിന്ന് ഇറക്കി റൂമിലേക്ക് മാറ്റി. കുഴപ്പമൊന്നുമില്ല, പക്ഷെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ പനി. രക്തത്തില്‍ അണുബാധയുടെ ലക്ഷണങ്ങള്‍. വീണ്ടും ആശങ്കയുടെ നിമിഷങ്ങള്‍. ഡോ. സതീഷിന്റെയും മഞ്ജുളയുടേയും നേതൃത്വത്തില്‍ കുഞ്ഞ് വീണ്ടും പി ഐ സി യുവില്‍. അവരുടെ അനുഭവ സമ്പത്തിന്റെ മികവില്‍ ഉടന്‍ തന്നെ പ്രത്യേക രക്തപരിശോധന നടത്തുകയും അണുബാധയുണ്ടെന്നും, ഏത് രോഗാണുവാണെന്നും, അതിനുപയോഗിക്കേണ്ട മരുന്ന് ഏതാണെന്നും കൃത്യമായി നിര്‍ണ്ണയിച്ചു. സമയബന്ധിതമായ ചികിത്സയിലൂടെ വീണ്ടും കുഞ്ഞിന്റെ ജീവന്‍ ആശങ്കയില്‍ നിന്ന് ആശ്വാസത്തിലെത്തിച്ചു. പൊള്ളലേറ്റ ഭാഗങ്ങള്‍ സാവധാനം കരിഞ്ഞുവന്നു. കുഞ്ഞിന്റെ ശരീരത്തില്‍ സ്പര്‍ശിക്കാമെന്ന അവസ്ഥയായി. മകള്‍ കരയുമ്പോള്‍ ഉമ്മയ്ക്കും ബാപ്പയ്ക്കും അവളെ എടുത്ത് ഓമനിക്കാമെന്ന അവസ്ഥയായി. കുറച്ച ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും അവളുടെ അവസ്ഥ വളരെയേറെ മെച്ചപ്പെട്ടു. കുസൃതിയും കുറുമ്പുമൊക്കെ തിരികെ വന്നു. 90 ശതമാനം പൊള്ളലും ഭേദമായി.

ഈ കൊറോണ കാലത്തും ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ആഹ്ലാദവും ആത്മവിശ്വാസവുമൊക്കെ തരുന്നത് ഇത്തരം അനുഭവങ്ങളാണ്. സങ്കീര്‍ണ്ണമായ അവസ്ഥകള്‍ പിന്നിട്ട്, ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് തിരികെയെത്തുന്നവര്‍ ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ അവരുടെയും അവരുടെ പ്രിയപ്പെട്ടവരുടേയും കണ്ണുകളില്‍ ഒരു തിളക്കമുണ്ടാകാറുണ്ട്. അതിനകത്തുണ്ടാകും അവര്‍ പറഞ്ഞതും പറയാന്‍ ബാക്കിവെച്ചതുമായ എല്ലാ വാക്കുകളും…ഞങ്ങള്‍ക്കത് വായിച്ചെടുക്കാനാകും. പക്ഷെ, ഇന്ന് ഫാത്തിമ ഷാനു യാത്ര പറഞ്ഞ് പോകുമ്പോള്‍ ആ തിളക്കം വായിച്ചെടുക്കാന്‍ ഞാന്‍ അരികില്ലല്ലോ എന്ന ദു:ഖം മാത്രം ഇപ്പോഴും ബാക്കി.

Dr Krishnakumar K S
Department of Plastic Reconstructive Burns Microvascular and Cosmetic Surgery
Aster MIMS. പ്രിയപ്പെട്ട ഡോക്ടർ,

ഞങ്ങളുടെ പൊന്ന് ഫാത്തിമയെ ചികിത്സിക്കുന്നതിനിടയിൽ താങ്കൾ നേരിട്ട വെല്ലുവിളികളെക്കുറിച്ച് എഴുതിയ കുറിപ്പ് വായിച്ചു.
ചീക്കോന്ന് ദേശത്തെ ഓരോ വ്യക്തിയും അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം അങ്ങ് വിശദമായി എഴുതി അറിയിച്ചു തന്നു.
അതിന് ആദ്യമായി ഒരായിരം നന്ദി.

അങ്ങ് എടുത്ത റിസ്കുകൾക്കും കഠിന പരിശ്രമങ്ങൾക്കും സർവ്വശക്തൻ പ്രതിഫലമായി ഞങ്ങളുടെ പൊന്ന് മോളെ ഉല്ലാസവതിയായി തിരികെ നൽകി.
ഒരു നാട് മുഴുവൻ പ്രാർത്ഥിക്കുകയാണ് നിങ്ങൾക്കായി. നിങ്ങളുടെ മൊത്തം ടീമിനായി.
എന്നുമുണ്ടാകും ഈ നാടിന്റെ പ്രാർത്ഥനകളിൽ നിങ്ങൾ.
വാഹന ഗതാഗതത്തിന് അനുമതിയുണ്ടായിരുന്നെങ്കിൽ ഞങ്ങളെല്ലാം നിങ്ങളെ അഭിനന്ദിക്കാൻ അവിടെ എത്തുമായിരുന്നു.

നന്ദിയോടെ
അതിലേറെ
കടപ്പാടോടെ
ഒരു പ്രദേശവാസിനന്ദിയുണ്ട്‌ ഡോക്ടറേ…… ഒരു നാട്‌ മുഴുവൻ പ്രാർത്ഥിച്ചത്‌ ഈ പൊന്നു മോൾക്ക്‌ വേണ്ടിയായിരുന്നു…

ഒരു നാട്‌ മുഴുവൻ പ്രതീക്ഷയർപ്പിച്ചത്‌ താങ്കളടക്കമുള്ള മെഡിക്കൽ സംഘത്തിലായിരുന്നു

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആസ്റ്റർ തിരഞ്ഞെടുക്കാനുള്ള കാരണവും സ്വന്തം മകളെ പോലെ നോക്കുമെന്ന പ്രതീക്ഷയിലായിരുന്നു..

എങ്ങനെ നന്ദി അർപ്പിക്കണം എന്നറിയില്ല… ഒരു കാര്യം ഞാൻ ഉറപ്പിച്ച്‌ പറയാം ഒരു നാടിന്റെ പ്രാർത്ഥന നിങ്ങളോടൊപ്പമുണ്ട്‌…അൽഹംദുലില്ലാ
ഈ ഒരു അവസരത്തിൽ സന്തോഷിക്കാത്ത ഒരു മനസ്സും ഉണ്ടാവില്ല’
ഈ മോളുടെ പുഞ്ചിരി കാണാൻ
ഈ പ്രയാസ ഘട്ടത്തിൽ നമ്മുടെ ഷറഫു വിൻ്റെ കുടുബത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ച Dr.മുതൽ സുഹൃത്തുക്കൾ വരെയുള്ള
എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് അഭിന്ദിക്കുകയാണ്എങ്ങനെ നന്ദി അറിയിക്കണം എന്നറിയില്ല പെങ്ങളെ വെറും ഒരൊറ്റ വാക്കിൽ മാത്രമായി ഒതുക്കുന്നില്ല എന്നും ഉണ്ടാവും നിങ്ങൾ പ്രാർത്ഥനയിൽ കാരണം അത്ര അധികം മനസ്സിനെ മുറിവേൽപ്പിച്ച ഒരു വാർത്ത ആയിരുന്നു പ്രിയ സുഹുർത്തിന്റെ മകൾക്ക് ഉണ്ടായ ആ ഒരു അപകടം ആ പൊന്നു മോൾ എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെ കളിയും ചിരിയുമായി മടങ്ങി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒപ്പം മാതാപിതാക്കളുടെ ചെറിയ ഒരു അശ്രദ്ധക്ക് നമ്മൾ വലിയ കൊടുക്കേണ്ടി വരുന്ന അവസ്ഥ ആർക്കും വരാതിരിക്കട്ടെ എല്ലാ മാതാപിതാക്കളും വളരെ അധികം ശ്രദ്ധപുലർത്തുക എന്ന് കൂടി ഓർമ്മിപ്പിക്കുന്നു .നന്ദി എന്നത് ഒരു ഭംഗിവാക്കായതിനാൽ ആ പഥം ഉപയോഗിക്കുന്നില്ല
ഞങ്ങളുടെ പൊന്ന് മോളുടെ ജീവൻ തിരിച്ച് നൽകിയ സർവ്വ ശക്തന് സ്തുതി
ഈ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മാലാഖമാരായി ദൈവം ഭൂമിയിലേക്കയച്ച സ്നേഹ നിധികളായ ഡോക്ടർമാർക്കും പ്രത്യേകപരിചരണ വിഭാഗത്തിലെ സിസ്റ്റേസിനും അനസ്ത്യേഷ്യക്ക് ദൈര്യം കാണിച്ച Dr: സാറിനും അതിലുപരി ഫാത്തിമ ഷാനുവിനെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി മിംസ് ഹോസ്പിറ്റലിലേ എല്ലാവർക്കും …… ഓരോ ഫോൺ കോളുകൾക്കും ഉത്തരമായി നിങ്ങൾ ഭയപ്പെടേണ്ട എല്ലാം വേണ്ട പോലെ ചെയ്യാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് നിങ്ങൾ പ്രാർത്ഥിച്ചാൽ മാത്രം മതി എന്ന് മറുപടി നൽകി സ്വാന്തനത്തിന്റെ വാക്കുകൾ കൊണ്ട് സമാശ്വസിപ്പിച്ച mims മാനേജ്മെന്റിനും
പ്രാർത്ഥിച്ചവർക്കും
….
ചീക്കോന്നിലെ കർമ ദീരരായ പേര് പറയാൻ താൽപര്യമില്ലാതെ എന്നും ജീവ കാരുണ്യത്തിൽ മുൻപന്തിയിൽ ഉണ്ടാകുന്ന എന്റെ സഹപ്രവർത്തകർക്കും നന്ദി എന്ന വാക്കിനോട് കൂടെഹൃദ്ദ്യമായ പ്രാർത്ഥനയും

എല്ലാവരെയും
ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ.പ്രിയപ്പെട്ട ഡോക്ടർ
അങ്ങ് മാലാഖയാണെന്ന്
പറഞ്ഞാൽ ഭംഗിവാക്കാണെന്നറിയാം
അങ്ങ് അത് ഇഷ്ടപ്പെടുന്നില്ല എന്നുമറിയാം എന്നാലും
ഒരു കാര്യംമാത്രം പറയും
നൻമ വറ്റാത്ത ആമനസ്സിന് പ്രാർത്ഥനകളുടെ പേമാരി വർഷിക്കും തീർച്ച….
സുകൃതങ്ങളാണ് അങ്ങയുടെ ജീവിത പാഥേയം എന്ന് ഞങ്ങൾ
വിശ്വസിക്കുന്നു….
പ്രാർത്ഥനമാത്രം
എന്നും സ്നേഹവും.ഈ ഒരു വാർത്ത കേട്ടപ്പോൾ… റബ്ബേ….എന്ന് മനസ്സുരുകി വിളിക്കാത്തവർ ആരും ഉണ്ടാവില്ല..
ഒരു നാട് മുഴുവനും ഒരു തേങ്ങലോടെ പടച്ചവനിലേക്ക് കൈ ഉയർത്തി പ്രാർത്ഥിച്ചു…. മനസ്സറിഞ്ഞു പറഞ്ഞു… ആ പൊന്നു മോൾ ജീവിതത്തിലേക്ക് മടങ്ങി എത്തി… അൽഹംദുലില്ലാഹ്….
ആസ്റ്റർ മിംസിലെ ഡോക്ടർസിനോടും നേഴ്‌സുമാരോടും എങ്ങിനെ നന്ദി പറയണം എന്നറിയില്ല… നന്ദി എന്ന രണ്ടക്ഷരത്തിൽ ഒതുക്കുവാനും കഴിയില്ല.. എന്നിരുന്നാലും പറയാതെ വയ്യ… ദൈവം മനുഷ്യരുടെ രൂപത്തിൽ ഭൂമിയിൽ ഇറങ്ങും എന്ന് പറയുന്നത് ഇവരൊക്കെ ഭൂമിയിൽ ഉള്ളത് കൊണ്ടാണ്… പ്രാർത്ഥനയിൽ എന്നും നിങ്ങളും ഉണ്ടാകും….വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി.. നിങ്ങളുടെ കരുതലും ദൈവാനുഗ്രഹവും കൂടിയായപ്പോൾ ആ കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടി. ദൈവം നിങ്ങളെ, അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ… എന്ന് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *