Categories
latest news

റോഡ് പണി ഇഴഞ്ഞുനീങ്ങുന്നു:ആശങ്കയിൽ ജനങ്ങൾ

 

കുറ്റ്യാടി : കടിയങ്ങാട് പാലത്തുനിന്ന് തുടങ്ങുന്ന തെക്കേടത്ത് കടവ്-നിരത്ത് കടവ് റോഡ് പുനർനിർമാണം ഒരുവർഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നു. ടാറിങ്ങിന് മുമ്പ് നടക്കുന്ന അഴുക്കുചാൽ നിർമാണവും കലുങ്കുകളുടെ നിർമാണവും ഇതുവരെ പൂർത്തിയായിട്ടില്ല.

കോഴിക്കോട്- കുറ്റ്യാടി റോഡിൽ കടിയങ്ങാട് പാലത്ത് നിന്ന് തുടങ്ങി തെക്കേടത്ത് കടവ് പാലത്തിന് സമീപംവരെ 2.100 കിലോമീറ്റർ ദൂരത്തിലാണ് വീതികൂട്ടി ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ്ങ്‌ നടത്തി പുനർനിർമിക്കുന്നത്. 3.5 കോടി രൂപയാണ് അടങ്കൽതുക.

2019 ഒക്ടോബർ 26-നാണ് മന്ത്രി ടി.പി. രാമകൃഷ്ണൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കഴിഞ്ഞവർഷം ഏപ്രിലോടെ പ്രവൃത്തി പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാരൻ ഉദ്ഘാടനസമയത്ത് നൽകിയ ഉറപ്പ്.

എന്നാൽ ഉദ്ഘാടനചടങ്ങിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് പ്രവൃത്തി തുടങ്ങിയത്. ആവശ്യത്തിന് തൊഴിലാളികളില്ലാത്തതും തുടർച്ചയായി പ്രവൃത്തികൾ നടക്കാത്തതുമാണ് പണി തീരാൻ താമസിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

പണി പൂർത്തിയാകുന്നതോടെ നിലവിലുള്ള 3.80 മീറ്റർ റോഡിന്റെ വീതി 5.50 മീറ്ററായി വർധിക്കും. ഇരുഭാഗത്തും വീതികൂട്ടൽ, നിലവിലുള്ള റോഡ് ഉയർത്തൽ, റോഡിന്റെ ഇരുവശങ്ങളിലുമായി 1250 മീറ്റർ നീളത്തിൽ അഴുക്കുചാൽ നിർമാണം, നൂറുമീറ്റർ ഐറിഷ് ഡ്രെയിൻ, രണ്ട് കലുങ്കുകളുടെ നിർമാണം, രണ്ട് കലങ്കുകളുടെ വീതികൂട്ടൽ, നൂറുമീറ്റർ കൈവരിയോടുകൂടിയ നടപ്പാത എന്നിങ്ങനെയാണ് റോഡിൽ നടത്താൻ നിശ്ചയിച്ച പ്രവൃത്തികൾ.

റോഡിന്റെ വീതി കൂട്ടലിനായി ഇരുവശത്തും മണ്ണ് നീക്കിയതിനാൽ രണ്ട് വാഹനങ്ങൾക്ക് ഒരേസമയം റോഡിലൂടെ ഇരുവശത്തേക്കുമായി കടന്ന് പോകാൻ പ്രയാസപ്പെടുകയാണ്.

വലിയ വാഹനങ്ങൾ പോകുമ്പോഴാണ് ഏറെ ബുദ്ധിമുട്ട്. പലയിടത്തും റോഡിൽ ടാറിങ്ങ്‌ പൊളിച്ചനിലയിൽ കിടക്കാൻതുടങ്ങിയിട്ട് ഏറെയായി. റോഡ് വീതികൂട്ടാനായി വശങ്ങളിൽ മെറ്റലിടേണ്ട ജോലിയാണ് ഇനി നടക്കേണ്ടത്. അതിനുശേഷമാണ് റോഡ് ഉയർത്തുക.

തെക്കേടത്ത് കടവ് പാലത്തിന് 200 മീറ്റർ അകലെവരെയാണ് റോഡ് നവീകരണപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. കുറച്ചുദൂരംമാത്രം അടങ്കലിൽ ഉൾപ്പെടാത്തിതിനാൽ പ്രവൃത്തി നടത്താനാവില്ല.

ഈഭാഗം ടാറിങ്ങ്‌ നടത്താൻ ഫണ്ടൊന്നും വകയിരുത്തിയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഇവിടെ റോഡ് പാടെ തകർന്ന് കിടക്കുകയാണ്. ഇതുകൂടി നവീകരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകരുടെ ആവശ്യം.

കോഴിക്കോട്-കുറ്റ്യാടി പാതയിൽനിന്ന് കുറ്റ്യാടി എത്താതെത്തന്നെ വേളം, തീക്കുനി, വടകര മേഖലയിലേക്കൊക്കെ ഇതുവഴി യാത്രചെയ്യാനാകും.

അതിനാൽ ദിവസവും നിരവധി വാഹനങ്ങൾ റോഡിനെ ആശ്രയിക്കുന്നുണ്ട്.റോഡിന്റെ വീതികൂട്ടാൻ മെറ്റലിടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഗതാഗത സൗകര്യാർഥം ഒരുഭാഗത്ത് നടത്തിയശേഷം അടുത്തവശത്തും ചെയ്യും.

ലോക്ഡൗൺ വന്നതാണ് പ്രവൃത്തി വൈകാൻ ഇടയാക്കിയത്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP