---
title: "#schoolpooja | സ്‌കൂളിൽ ഗണപതി ഹോമം; സംഭവത്തിൽ മാനേജരോട് ഡിഡിഇ റിപ്പോർട്ട് തേടി "
english_title: "#Ganeshahomam #school #DDE #sought #report #manager #incident"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184752/ganeshahomam-school-dde-sought-report-manager-incident"
published_at: "2024-02-15T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdfa799ef30_pooja.jpg"
keywords: []
---

# #schoolpooja | സ്‌കൂളിൽ ഗണപതി ഹോമം; സംഭവത്തിൽ മാനേജരോട് ഡിഡിഇ റിപ്പോർട്ട് തേടി 

> **Lead Summary:** **കായക്കൊടി: [** നെടുമണ്ണൂർ സ്‌കൂളിൽ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തിൽ മാനേജരോട് ഡിഡിഇ റിപ്പോർട്ട് തേടി. മാനേജരുടെ വിശദീകരണത്തിന് ശേഷം തുടർ നടപടിയെടുക്കുമെന്ന് ഡിഡിഇ പറഞ്ഞു.

## Article Content

**കായക്കൊടി: [** നെടുമണ്ണൂർ സ്‌കൂളിൽ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തിൽ മാനേജരോട് ഡിഡിഇ റിപ്പോർട്ട് തേടി. മാനേജരുടെ വിശദീകരണത്തിന് ശേഷം തുടർ നടപടിയെടുക്കുമെന്ന് ഡിഡിഇ പറഞ്ഞു.

എഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. സംഭവത്തിൽ വിമർശനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

സ്‌കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം സംഘടിപ്പിച്ചത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയെന്ന് കാട്ടി എഇഒ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നെടുമണ്ണൂർ സ്‌കൂളിൽ ചൊവ്വാഴ്ച രാത്രിയാണ് പ്രധാനാധ്യാപികയുടെ മുറിയിലടക്കം രണ്ടിടങ്ങളിൽ ഹോമം നടന്നത്.

പൂജ നിർത്താൻ ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടിട്ടും മാനേജർ കൂട്ടാക്കിയില്ലെന്ന് എഇഒയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹെഡ്മിസ്ട്രസ് വിലക്കിയിട്ടും മാനേജ്മെന്റ് പൂജ തുടർന്ന നടപടി അംഗീകരിക്കാനാവില്ല എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഡിഡിഇ റിപ്പോർട്ട് അനുസരിച്ചായിരിക്കും മാനേജ്മെന്റിനും പൂജയിൽ പങ്കെടുത്ത അധ്യാപകർക്കുമെതിരെ നടപടിയെടുക്കുക. സംഭവത്തിൽ സ്‌കൂൾ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രദേശത്തെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്‌കൂൾ മാനേജരെ കസ്റ്റഡിയിലെടുത്തത്.

മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184752/ganeshahomam-school-dde-sought-report-manager-incident)