കുറ്റ്യാടി:(kuttiadinews.in)കുറ്റ്യാടിക്കടുത്ത് മരുതോങ്കര പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദലിയെ സംസ്കരിച്ച കള്ളാടിലെ പള്ളി പരിസരവും പള്ളിയും മൃതദേഹം കിടത്തിയ മയ്യത്ത് കട്ടിലും ശുചീകരിച്ചു.


ഇന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കുറ്റ്യാടി ദുരന്ത നിവാരണ സേന വളണ്ടിയർമാരും ആരോഗ്യപ്രവർത്തകരും നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർ സെമീറ ബഷീറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം.
ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്, ഹെൽത്ത് സ്റ്റാഫ് വിപിന എന്നിവരാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
മരുതോങ്കര പഞ്ചായത്തിലെ കള്ളാടിലെ എടവലത്ത് മുഹമ്മദലിയാണ് നിപ ബാധിച്ച് ആദ്യം മരണമടഞ്ഞത്. എന്നാൽ അന്ന് ഇയാൾക്ക് നിപയാണെന്ന് സ്ഥിരീകരണം വന്നിട്ടില്ലായിരുന്നു.
പനി ബാധിച്ച് ചികിത്സ തേടിയ മുഹമ്മദലിക്ക് കരള്‍രോഗബാധയുണ്ടായതിനാല്‍ മരണത്തില്‍ അസ്വഭാവികത തോന്നിയിരുന്നില്ല. അതുകൊണ്ട് സ്രവപരിശോധനയൊന്നും നടത്തിയിട്ടില്ലായിരുന്നു.
തുടർന്നുള്ള പരിശോധനയിൽ മുഹമ്മദലിയുടെ മക്കൾക്കും ഭാര്യ സഹോദരനും രോഗം സ്ഥിരീകരിച്ചതോടെയാണ് മുഹമ്മദലിയ്ക്കും നിപ ആണെന്ന സ്ഥിരീകരണത്തിൽ ആരോഗ്യവകുപ്പ് എത്തിയത്. ഇതിനെ തുടർന്നാണ് ഇന്ന് പള്ളിയും സംസ്ക്കാരത്തിന് ഉപയോഗിച്ച ഉപകരണങ്ങളും ശുചീകരിച്ചത്
#nipa #mosque #muhammadali #died #maruthonkara #cremated #bodybed #cleaned