കുറ്റ്യാടി: (kuttiadinews.in) വാഹനങ്ങൾക്ക് കടന്നു വരാവുന്ന വിധത്തിൽ പാലം വേണമെന്ന നാഗം പാറ ലക്ഷം വീട് കോളനിക്കാരുടെ ആവശ്യത്തിന് പഴക്കമേറെയാണ്. കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും പാലം ഇത് വരെ യാഥാർഥ്യമായിട്ടില്ല.
കാവിലും പാറ പഞ്ചായത്ത് പത്താം വാർഡുൾപ്പെടുന്ന ഭാഗത്താണ് പാലമില്ലാത്തതിനാൽ നൂറോളം കുടുംബങ്ങൾ പ്രയാസമനുഭവിക്കുന്നത്. അമ്പത് വർഷം മുമ്പ് നിർമ്മിച്ച നടപ്പാലമാണ് ഇപ്പോഴും ഇവരുടെ ഏക ആശ്രയം. ഇതാകട്ടെ അടിഭാഗം കോൺക്രീറ്റ് ഇളകിമാറി കമ്പികൾ പുറത്തു വന്ന നിലയിലാണ്.
പാലത്തിനടുത്ത് ഇരുഭാഗത്തും ടാർ ചെയ്ത റോഡുണ്ടെങ്കിലും പാലമുൾപ്പെടുന്ന ഭാഗത്തേക്ക് വാഹനത്തിന് കടന്നുവരാനാകില്ല. കിടപ്പുരോഗികളെ പാലത്തിനക്കരെ എടുത്തു കൊണ്ടു പോയി വേണം വാഹനത്തിൽ കയറ്റാൻ.
പാലം യാഥാർത്ഥ്യമായാൽ സ്കൂൾ, ആശുപത്രി, ചാത്തങ്കൊട്ട് നട, തൊട്ടിൽ പാലം തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും. പാലം വേണമെന്നാവശ്യപ്പെ ട്ട് എം.പി, എം.എൽ.എ എന്നിവർക്ക് നിവേദനം നല്കിയിരുന്നതായും പഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നതായും നാട്ടുകാർ പറഞ്ഞു.
തുടർ നടപടികൾക്ക് പകരം മറ്റൊരു ഭാഗത്ത് പാലം നിർമിക്കാനുള്ള നീക്കമാണുണ്ടായതെന്നും അവർ പറഞ്ഞു. കെ.മുരളീധരൻ എം.പി. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചിലവഴിച്ച് നിർമിക്കുന്ന പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഒരു മാസം മുമ്പാണ് നടന്നത്.
ചാപ്പൻ തോട്ടത്തിൽ പാലമുണ്ടായിരിക്കെയാണ് അടുത്ത് മറ്റൊരു പാലം നിർമ്മിക്കാൻ നടപടിയെടുത്തതെന്നും പാലം അത്യാവശ്യമായ ലക്ഷം വീട് കോളനിയെ അധികൃതർ അവഗണിക്കുകയായിരുന്നെന്നും കോളനിക്കാർ പറഞ്ഞു.
#danger #new #bridge #needed #NagamPara LakhVeeduColony