വേളം:(kuttiadi.truevisionnews.com) പള്ളിയത്ത് ആശങ്ക പരത്തി മഞ്ഞപ്പിത്തം വ്യാപിക്കുന്നു.രൂക്ഷമായി തുടരുന്ന രോഗം കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 12, 13, 14 വാർഡകളിലായി നൂറോളം പേർക്ക് രോഗം ബാധിച്ചതായാണ് വിവരം.
പള്ളിയത്ത് വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പള്ളിയത്ത് കഴിഞ്ഞ ദിവസം നടന്ന രോഗനിർണയ ക്യാമ്പിൽ ഒട്ടേറെപേർ പങ്കെടുത്തിരുന്നു. ആശുപത്രികളിൽ നിരവധി പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽനിന്ന് ഒരു എച്ച്ഐയെ കൂടി പള്ളിയത്ത് നിയമിച്ചിട്ടുണ്ട്.


12-ാം വാർഡിൽ വീടുകളിൽ സന്ദർശനം നടത്താൻ ഏഴ് സ്ക്വാഡുകൾ രൂപവത്കരിച്ചു. ഇവരുടെ നേതൃത്വത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തും. വീടുകളിൽനിന്നു വിവരശേഖരണത്തിനായി പ്രത്യേകം ഫോറം പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതിനുശേഷം മറ്റ് രണ്ട് വാർഡുകളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കും.
പള്ളിയത്ത്, പൂളക്കൂൽ ഭാഗങ്ങളിൽ സ്ഥിതി ആശങ്കാജനകമാണ്. ജനങ്ങളുടെ ഭീതിയകറ്റി വിദഗ്ഗചികിത്സ ലഭ്യമാക്കണമെന്നും പ്രത്യേക വിദഗ്ഗസമിതി സ്ഥലം സന്ദർശിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. രോഗം വ്യാപിച്ച പ്രദേശങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്നും രോഗം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വേളം കുടുംബാരോഗ്യകേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരെ നിയമിക്കുകയും ഒപി സമയം വൈകുന്നേരംവരെ നീട്ടാണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ മഠത്തിൽ ശ്രീധരൻ അധ്യക്ഷനായി.
Jaundice is spreading Health Department to organize another medical camp Palliath