Featured

വാർഷിക നിറവിൽ; പ്ലാറ്റിനം ജൂബിലിയിലേക്ക് അടുക്കത്തെ സ്കൂളുകൾ

News |
Jan 24, 2023 11:16 AM

കുറ്റ്യാടി: ഗ്രാമ വിശുദ്ധിയുടെ വിലാസങ്ങളായ അടുക്കത്തെ സ്കൂളുകൾ പ്ലാറ്റിനം ജൂബിലിയിലേക്ക്. അറുപത്താഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുന്ന അടുക്കത്ത് എം.എൽ.പി.സ്കൂളും, എം.എ.എം.യു.പി. സ്കൂളും, കുറ്റ്യാടിയുടെ ഗൃഹാതുരത്വ ഓർമ്മയിലെന്നുമുണ്ട്.

അനവധി തലമുറകളുടെ മനസ്സിൽ ആലേഖനങ്ങൾ തീർത്ത് ആറ് പതിറ്റാണ്ടിലധികമായി കർമസാഫല്യത്തിൽ എത്തി നിൽക്കുന്ന സ്ഥാപനങ്ങൾ ദീർഘകാലം നടത്തിയത് അടുക്കത്തെ നെല്ലിയുള്ളതിൽ കുടുംബമായിരുന്നു.

പൊതു രംഗത്ത് ഏറെ സജീവമായി പ്രവർത്തിച്ച നെല്ലിയുള്ളതിൽ കുഞ്ഞമ്മത് ദീർഘകാലം മാനേജരായി പ്രവർത്തിച്ചു. കുഞ്ഞികൃഷ്ണക്കുറുപ്പ് മാസ്റ്റർ, കെ.പി. മൊയ്തീൻ മാസ്റ്റർ,മണോളി മൊയ്തു മാസ്റ്റർ എന്നിവരാണ് തുടക്കത്തിലെ അധ്യാപകർ.പൂർവ്വ വിദ്യാർത്ഥികൾ പലരും നാടിന്റെ നാനാ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

തുടക്കത്തിൽ ഓട് മേഞ്ഞ ഒരു ഹാളും, കുറേ ഓല ഷെഡുകളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ആവശ്യമായ ബിൽഡിങ്ങുകൾ സ്ഥാപനത്തിലുണ്ട്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ഓപ്പൺ എയർ ക്ലാസ് റൂം, കുടിവെള്ളം തുടങ്ങിയവ എന്നിവ ഫലപ്രദമായി സംവിധാനിച്ചിരിക്കുന്നു.

കുറ്റ്യാടി മുസ്ലിം യത്തീംഖാനയാണ് ഇപ്പോൾ സ്ഥാപനം നടത്തി വരുന്നത്.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടത്താൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും, രക്ഷാകർതൃ സമിതിയും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 51 സ്വാഗത സംഘം രൂപീകൃതമായി. സ്വാഗത സംഘ രൂപീകരണ യോഗം യു.പി.വിഭാഗം ഹെഡ്മിസ്ട്രസ്സ് കെ.സി. സുമതി ഉദ്ഘാടനം ചെയ്തു.

എൽ.പി. വിഭാഗം ഹെഡ് മാസ്റ്റർ കെ.പി.ദിനേശൻ അധ്യക്ഷത വഹിച്ചു. ജമാൽ പാറക്കൽ, ഒ.രവീന്ദ്രൻ, ജമാൽ കോരങ്കോട്ട്,കെ.കെ. മുഹമ്മദ് ഷരീഫ്, വി.കെ. കുഞ്ഞബ്ദുള്ള, കെ.വി.മുനീർ, എ ജമാൽ, പി.കെ.ഷമീർ, സംസാരിച്ചു.

On the anniversary; Schools close to Platinum Jubilee

Next TV

Top Stories