കുറ്റ്യാടി: സഞ്ചാരികളുടെ സ്വർഗ്ഗമാണ് കോഴിക്കോട്. രുചിയിലും അത് വിളമ്പിത്തരുന്ന സ്നേഹത്തിലും കോഴിക്കോടിനെ വെല്ലാൻ വേറൊരു നാടില്ല. കോഴിക്കോട് നഗരം മാത്രം കറങ്ങി, ബീച്ചിൽ പോയി മാനഞ്ചിറയിൽ വിശ്രമിച്ച് മിഠായിത്തെരുവും കണ്ട് മിക്കപ്പോഴും കോഴിക്കോട് യാത്ര സഞ്ചാരികൾ അവസാനിപ്പിക്കുന്നു.


എന്നാല്‍ കോഴിക്കോടിന്റെ യഥാര്‍ത്ഥ കാഴ്ചകൾ കാണണമെങ്കിൽ വണ്ടി വേറെ കയറണം. കോഴിക്കോട് നിന്നും 51 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി പച്ചപ്പിന്‍റെയും വെള്ളച്ചാട്ടങ്ങളുടെയും കാടിന്‍റെയും ഒക്കെ മനോഹര കാഴ്ചകൾ ചേരുന്ന ഇടമാണ്. സ്ഥലം പണ്ടുമുതലേ ഉണ്ടെങ്കിലും നാട്ടിൽ കഴിഞ്ഞ കുറച്ച് കാലംകൊണ്ട് സ്റ്റാർ ആയി മാറിയ ഓഫ്ബീറ്റ് അഡ്വഞ്ചർ ഡെസ്റ്റിനേഷനാണ് ഉറിതൂക്കിമല.
കോടമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഇവിടം പ്രദേശത്തെ യുവാക്കളുടെ സ്ഥലമാണ്. ഓഫ്റോഡ് യാത്രയ്ക്കും ട്രക്കിങ്ങിനും കുറ്റ്യാടിയിലെത്തിയാൽ ഇവിടേക്ക് പോരാം. കയറിച്ചെന്നാൽ കിടിലൻ കാഴ്ചകളാണ് ഇവിടെയുള്ളത്. മഴക്കാലത്താണെങ്കിൽ ഒരു നാടിന്റെ മുഴുവൻ കാഴ്ചകളും അതും നല്ല പച്ചപ്പിൽ ആസ്വദിക്കാം.
വേനലിലാണെങ്കിലും ഇവിടം നമ്മളെ നിരാശരാക്കില്ല. മലയോരകാഴ്ചകളുടെ ഒരു സൂപ്പർ സ്പോട്ട് ആണിത്. കുറ്റ്യാടിയിൽ നിന്ന് 15.3 കിലോമീറ്റർ ദൂരത്തിൽ കരിങ്ങാട് എന്ന ഗ്രാമത്തിലാണ് ഉറിതൂക്കിമലയുള്ളത്. ഉറി തൂക്കി മല ലക്ഷ്യം വെച്ച് സ്വദേശത്തും, വിദേശത്തുമുള്ള നിരവധി പേരാണ് എത്തുന്നത്. ഭാവി കുറ്റ്യാടിയുടെ വികസനത്തെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാൻ പറ്റാത്ത ഇടമായി ഉറിതൂക്കിമല മാറും എന്ന കാര്യം ഉറപ്പ്.
Urithukimala; Attracting the attention of tourists, Kuttyadi again