തൊട്ടില്‍പാലം: അന്തരിച്ച നടൻ മരുതോറാബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കലാസംസ്കാരിക പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അനുസ്മരണ സമിതി ഭാരവാഹികൾ അറിയിച്ചു.


ഏപ്രിൽ 1നും 2നും കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ 'ഈന്തോലപ്പന്തൽ' എന്ന പേരിൽ കുട്ടികളുടെ നാടക കളരി നടക്കും. ഏപ്രിൽ 1ന് രാവിലെ 9 ന് തിരക്കഥാകൃത്ത് വിനീഷ് പാലയാട് ഉദ്ഘാടനം ചെയ്യും. സുധീഷ് കൃഷ്ണയാണ് ക്യാമ്പ് ഡയറക്ടർ. വൈകിട്ട് 3 ന് മരുതോറയുടെ 'ഓർമ്മകളിലെപ്പോഴും' അനുസ്മരണ സമ്മേളനം.
ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ നാടകം അരങ്ങേറും. രാത്രി 7 ന് പുരസ്‌കാര സമര്‍പ്പണം ചടങ്ങ് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രഥമ മരുതോറ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം നാടക സംവിധായകനും ഗാനരചയിതാവുമായ പി.കെ.നായര്‍ക്ക് നല്‍കും.
കുഞ്ഞാണ്ടി വട്ടോളി സ്മാരക പുരസ്‌കാരം പ്രദീപ് ശങ്കറിനും രഞ്ജി രാജ് സ്മാരക പുരസ്‌കാരം ഹരീഷ് തൊട്ടില്‍പാലത്തിനും പ്രാദേശിക മാധ്യമ പുരസ്‌കാരം ആര്‍.കെ.സുഗുണനും നല്‍കും. മരുതോറ ബാലകൃഷ്ണന്‍ അവസാനമായി അഭിനയിച്ച 'മേഘരാഗം' എന്ന ഹ്രസ്വചിത്രത്തിന്റെ യുട്യൂബ് റിലീസിങ് നടക്കും.
കോഴിക്കോട് നിലം നാടകവേദി 'വയലും വീടും' എന്ന നാടകം അവതരിപ്പിക്കും. 'മധുരിക്കും ഓര്‍മകള്‍' നാടക ഗാനമേളയും ഉണ്ടാകും. സമാപനം ഏപ്രില്‍ 2 ന് വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ നാടക കളരിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9961940419
Date palm; Children's Drama on 1st and 2nd April