കുറ്റ്യാടി : (kuttiadinews.in) കനത്ത മഴയിൽ കുറ്റ്യാടി മേഖലയിൽ വ്യാപകനാശം.ഇന്നലെ ഇടിമിന്നലോടെയുണ്ടായ കാറ്റും മഴയും പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തി. കാവിലുംപാറ ബെൽമൗണ്ടിൽ മേലെ പീടികയിൽ അലി, നീലിയോട് ശശി, പറമ്പാട്ട് രാജു. പുതുക്കാട് അരവിന്ദൻ , കുരുടൻ കടവിലെ ചിറക്കൽ ആൻസൺ, ചീരക്കൽ വിത്സൻ എന്നിവരുടെ വീട്ടിലെ പ്ലാവ്, തെങ്ങ് എന്നിവ കടപ്പുഴകി വീണ് പൂർണമായും തകർന്നു.


കൂടാതെ മിന്നലേറ്റ് ചിറക്കൽ വിത്സന്റെ സങ്കര ഇനം പശു ചത്തു. അതുപോലെ വീട്ടിലെ വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂരിലെ വണ്ണാത്തി പൊയിൽ മാധവിയുടെ വീടിനു മുകളിൽ തെങ്ങ് വീണ് വീട് പൂർണ്ണമായും തകർന്നു.
വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.കൂടാതെ ബെൽമൗണ്ടിൽ പാർശ്വഭാഗത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് തകർന്നു.ബെൽമൗണ്ടിൽ നാടോൽ കുഞ്ഞിരാമന്റെ വിറക് പുര മരം വീണ് തകർന്നു. തൊട്ടിൽപ്പാലം മുള്ളൻ കുന്ന് റോഡിൽ മരം പൊട്ടിവീണ് ആറ് വൈദ്യുതിക്കാലുകളും തകർന്നു.
heavy rain; Widespread destruction in Kuttyadi region