കുറ്റ്യാടി: (kuttiadi.truevisionnews.com)കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് . സ്വർണം കടത്തിയയാളും തട്ടിയെടുക്കാൻ എത്തിയ സംഘവും പിടിയിൽ.
56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയത് കുറ്റ്യാടി സ്വദേശി ലബീബ്. ഖത്തറിൽ നിന്നാണ് ലബീബ് സ്വർണം കടത്തിയത്.
ലബീബിന്റെ അറിവോടെയാണ് ആറംഗസംഘം തട്ടിയെടുക്കാൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി വ്യക്തമായത്. വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇവരിൽനിന്ന് വിവരംലഭിച്ചു.
കോഴികോട് കുറ്റ്യാടി സ്വദേശിയായ ഫസല്‍ എന്നയാളാണ് സ്വര്‍ണ്ണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്. അതേസമയം, കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടി.
ഇയാൾ പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ, കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന പോലീസ് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച് അറസ്റ്റ് ചെയ്തു.
കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. പോലീസിന്‍റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കുറ്റകൃത്യങ്ങള്‍ തടയാനും 56 ലക്ഷം രൂപ വിലവരുന്ന കള്ളകടത്ത് സ്വര്‍ണ്ണം പിടിച്ചെടുക്കാനുമായത്.
കവര്‍ച്ചാസംഘത്തിലുള്‍പ്പെട്ട പാനൂര്‍ സ്വദേശിയായ അഖിലേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒന്നര കോടി രൂപ കവര്‍ച്ചചെയ്ത ഹൈവേ റോബറി കേസില്‍ അറസ്റ്റിലായി ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിട്ടയച്ചയാളാണ്.
ലബീബ്, അഖിലേഷ്, നിധിന്‍, മുജീബ്, നജീബ്, മുനീര്‍, അജ്മല്‍ എന്നിവരെയും പിടിച്ചെടുത്ത സ്വര്‍ണ്ണവും മഞ്ചേരി കോടതിയില്‍ ഹാജരാക്കുന്നതോടൊപ്പം ലബീബിനെതിരെയുള്ള തുടര്‍നടപടികള്‍ക്കായി പ്രിവന്‍റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
#gold #smuggler #extortion #group #arrested #Karipur