കുറ്റ്യാടി:(kuttiadi.truevisionnews.com) തീക്കുനി പ്രദേശത്ത് വെള്ളക്കെട്ട് കാരണം നേരിടുന്ന പ്രയാസം പരിഹരിക്കുന്നതിൻ്റെ ഭാഗമായി തീക്കുനിയിൽ വച്ച് യോഗം ചേർന്നു.
തീക്കുനി വാച്ചാൽ തോടിലൂടെയുള്ള വെള്ളമൊഴുക്ക് ശരിയായ രീതിയിൽ ആയിക്കഴിഞ്ഞാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളൂ.
വേളം ഗ്രാമപഞ്ചായത്തിലാണ് തോട് സംരക്ഷണ പ്രവർത്തി നടത്താനിരിക്കുന്നത്. നിലവിൽ 292 മീറ്റർ ഭാഗത്തിന് ടെൻഡർ വിളിച്ചിട്ടുള്ളതായും മഴ കഴിഞ്ഞാൽ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ യോഗത്തിൽ അറിയിച്ചു.
പുറമേരി ഗ്രാമപഞ്ചായത്തിലെ ബാക്കിയുള്ള 80 മീറ്റർ ഭാഗം ഈ വർഷം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി കെ ജ്യോതിലക്ഷ്മി യോഗത്തിൽ അറിയിച്ചു.
തീക്കുനി വാച്ചാൽ തോടിന്റെ അതിർത്തികൾ മാർക്ക് ചെയ്യുന്ന നടപടിക്രമങ്ങൾ അടിയന്തരമായി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
ചിലയിടങ്ങളിൽ തോടിന്റെ വീതി കുറഞ്ഞത് ഗൗരവത്തിലുള്ള പ്രശ്നമായി യോഗം വിലയിരുത്തി. നിലവിൽ ഗ്രാമപഞ്ചായത്തും ,ജില്ലാ പഞ്ചായത്തും ഫണ്ട് വകയിരുത്തിയ ഭാഗങ്ങൾക്ക് പുറമേയുള്ള തോട് നിർമാണത്തിനുള്ള എസ്റ്റിമേറ്റ്, മൈനർ ഇറിഗേഷൻ വിഭാഗം തയ്യാറാക്കി സമർപ്പിക്കാണമെന്നും യോഗത്തിൽ തീരുമാനിച്ചു.
ഈ പ്രൊപ്പോസലിന് സർക്കാർതലത്തിൽ അംഗീകാരം ലഭ്യമാക്കുന്നതിന് ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷവും തോട് സംരക്ഷണ പ്രവർത്തി ഉൾപ്പെടുത്താൻ, വേളം ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് പരിശ്രമം ഉണ്ടാകണമെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉണ്ടായി.
മഴയുടെ തീവ്രത കുറഞ്ഞ ഉടനെ തന്നെ പഞ്ചായത്തിന്റെയും പ്രദേശവാസികളുടെ നേതൃത്വത്തിൽ തോട് ക്ലീൻ ചെയ്യുന്നതിന് തീരുമാനിച്ചു. മഴയുടെ കാഠിന്യം കുറഞ്ഞതിനു ശേഷം അരൂർ മുതൽ തീക്കുനി വരെ പൊതുമരാമത്ത് വകുപ്പിന്റെ ഡ്രെയിനേജ് വൃത്തിയാക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.
പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ ജ്യോതിലക്ഷ്മി,വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ,പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എഞ്ചിനീയർമാർ,മൈനർ ഇറിഗേഷൻ വിഭാഗം എൻജിനീയർമാർ, വേളം വില്ലേജ് ഓഫീസർ, വേളം പഞ്ചായത്ത് സെക്രട്ടറി,തോട് പുനരുദ്ധാരണ കമ്മിറ്റി പ്രതിനിധികൾ,പ്രദേശവാസികൾ, ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
#Vellakattu #Theekuni #area #MLA #called #emergency #meeting