കുറ്റ്യാടി :(kuttiadi.truevisionnews.com)താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ആശുപത്രിക്ക് സമീപത്തു തന്നെ താമസ സൗകര്യം ഇല്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമായി വിലയിരുത്തിയിട്ടുണ്ട്.
ഇക്കാര്യം നിരന്തരമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും, ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വിദൂര സ്ഥലങ്ങളിൽ നിന്നും മറ്റും ഡോക്ടർമാർ ദിവസേന യാത്ര ചെയ്താണ് ആശുപത്രിയിൽ എത്തുന്നത്.ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും വേണ്ട താമസ സൗകര്യം കൂടി ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുകയാണ്.
വിവിധ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കിയ പ്ലാനിൻ്റെയും, എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തിലാണ് പ്രവർത്തി നടത്തുക.
കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ ഡയാലിസിസ് സെൻറർ കെട്ടിടത്തിന് സമീപത്തായാണ് പുതിയ ബ്ലോക്ക് നിർമ്മാണം നടത്തുക.
നിലവിൽ ആരോഗ്യവകുപ്പിൽ നിന്നും അനുമതി ലഭിച്ച 28.5 കോടി രൂപയുടെ പുതീയ ആശുപത്രി കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിച്ചു വരികയാണ്.
നിരവധി ഉന്നത തലയോഗങ്ങളിൽ ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും, നിരന്തരമായ ഇടപെടലുകളും നടത്തിയാണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്.
ഈ പദ്ധതിയുടെ അംഗീകാരത്തിനായി എല്ലാവിധ പിന്തുണയും നൽകിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നന്ദി രേഖപ്പെടുത്തി ഈ രണ്ടു പദ്ധതികളും പൂർത്തിയാകുന്നതോടെ വടകര താലൂക്കിലെ മികച്ച ആശുപത്രികളിലൊന്നായി കുറ്റ്യാടി താലൂക്ക് ആശുപത്രി മാറുമെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
#Two #crores #sanctioned #construction #new #block #Kuttyadi #Taluk #Hospital