കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ചുരത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. മൂന്നാംവളവിലും പത്താംവളവിലെ ചൂരണി ബദൽ റോഡിലും സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലുമാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയത്.
ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ഇവിടങ്ങളിൽ പ്രത്യേക തരം രാസപദാർഥവും ഒഴുക്കിയതായി നാട്ടുകാർ പറയുന്നു. മേഖലയിലെ നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ മലമുകളിലെ നീരുറവകളെയാണ്. ഈ ഉറവകളിൽ ഹോസ് സ്ഥാപിച്ചാണ് കുടുംബങ്ങൾ കുടിവെള്ളം ശേഖരിക്കുന്നത്.
ഇത്തരത്തിൽ നീരുറവകളുള്ള ഭാഗത്തേക്കാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയത്. ടൗണുകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽനിന്ന് കരാറെടുത്ത് ടാങ്കർ ലോറികളിൽ ശേഖരിച്ച കക്കൂസ് മാലിന്യമാണ് ചുരത്തിൽ തള്ളിയതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
കാവിലുംപാറ പഞ്ചായത്ത് നേതൃത്വത്തിൽ ജനകീയ പിന്തുണയിൽ കുറ്റ്യാടി ചുരം സൗന്ദര്യവൽക്കരണ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയത്. സമീപത്തെ സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
#septictank #dumped #waste #Kuttyadichuram