കായക്കൊടി: (kuttiadi.truevisionnews.com ) കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം. ഭൂമിക്കടിയിൽ ചെറിയ ചലനം ഉണ്ടായിട്ടുള്ളതാകാമെന്നും വിശദ പരിശോധനക്ക് ശുപാർശ ചെയ്യുമെന്നും ജിയോളജിക്കൽ വിഭാഗം വ്യക്തമാക്കി. റിപ്പോർട്ട് നാളെ കലക്ടർക്ക് സമർപ്പിക്കുമെന്നും ജിയോളജിസ്റ് സി എസ് മഞ്ജു വ്യക്തമാക്കി.


ഇതിൽ വിശദമായ പരിശോധന നടത്തേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജിക്കൽ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനമുണ്ടായതായി അനുഭവപ്പെട്ടത്.
നാല്, അഞ്ച് വാർഡുകളിലായി എളളിക്കാംപാറ, കാവിൻ്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം ഉണ്ടായെന്നായിരുന്നു പ്രദേശവാസികൾ പറഞ്ഞത്. മെയ് 16 ന് രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്നലെ രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്.
വീട്ടിലെ കസേര ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചലനമുണ്ടാവുകയും കട്ടിലിൽ കിടക്കുകയായിരുന്ന വീട്ടുകാർക്ക് തലക്ക് അടി കിട്ടിയത് പോലെ അനുഭവപെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാലിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.
സെക്കൻ്റുകൾ മാത്രം നീണ്ടു നിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെത്തുടർന്ന് പരിഭ്രാന്തരായ ജനം വീടു വിട്ട് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും വിവരങ്ങൾ ഇ.കെ.വിജയൻ എംഎൽ എയെ അറിയിക്കുകയുമായിരുന്നു. പിന്നാലെ ജില്ലാ കലക്ടറുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രത്യേകസംഘത്തെ പ്രദേശത്തേക്ക് അയക്കുന്നത്.
കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷിജിൽ, കായക്കൊടി വില്ലേജ് ഓഫീസർ ബിജു, തൊട്ടിൽപ്പാലം സബ്ഇൻസ്പെക്ടർ, സുബിൻ ബിജു, എം. കെ ശശി, പി.പി. നിഖിൽ, എം. റീജ, പി.പിനാണു, വി.പി.സുരേന്ദ്രൻ എന്നിവരാണ് ഇന്നലെ സ്ഥലം സന്ദർശിച്ചത്.
Geological department says earthquake not confirmed Kayakkodi report handed over to collector