Apr 6, 2023 10:39 AM

കുറ്റ്യാടി: മരണത്തെ മുമ്പിൽകണ്ടപ്പോഴും മനസ്സ് പതറാതെ ഇടപെട്ട നാലാം ക്ലാസുകാരന്റെ ആത്മധൈര്യം രക്ഷിച്ചത് മൂന്നുകുട്ടികളടക്കം ഏഴുപേരെ. മരുതോങ്കര ഗവ. എൽ.പി.സ്കൂൾ വിദ്യാർഥിയായ അനയ് രതീഷിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിൽനിന്ന്‌ ഒരു വാഹനത്തിലുള്ളവർക്ക് മുഴുവൻ തുണയായത്.

മാർച്ച് 31-ന് രാത്രി 11.30-ഓടെ മരുതോങ്കര ഗവ. എൽ.പി. സ്കൂൾ നാലാംതരം വിദ്യാർഥിയായ അനയ് രതീഷ് സ്കൂൾ വാർഷികാഘോഷപരിപാടികൾ കഴിഞ്ഞ് മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം കാറിൽ നീറ്റുക്കോട്ടയിലെ വീട്ടിലേക്ക് വരുകയായിരുന്നു.

പിതാവ് രതീഷാണ് വാഹനം ഓടിച്ചിരുന്നത്. പിൻസീറ്റിൽ ഉണ്ടായിരുന്ന ഒരാളെ മരുതോങ്കര അബേദ്കർ കോളനി റോഡിലെ കയറ്റത്തിനുമുകളിൽ ഇറക്കേണ്ടതുണ്ടായിരുന്നു. ഗിയറിൽ വാഹനം നിർത്തി ഹാൻഡ്ബ്രേക്ക് ഇട്ടതിനുശേഷം ഡ്രൈവർസീറ്റിൽനിന്ന്‌ പുറത്തിറങ്ങിയ രതീഷ് വാഹനത്തിന്റെ നടുവിലത്തെ സീറ്റ് ഉയർത്തി പിൻസീറ്റിൽ ഉള്ളയാൾക്ക് ഇറങ്ങാൻ വഴിയൊരുക്കി.

ഇതിനിടെയാണ് വാഹനം പിന്നോട്ടുനീങ്ങിയത്. രതീഷിന് ഒരുതരത്തിലും നിയന്ത്രിക്കാനാവാതെ വാഹനം പിന്നിലെ ഇറക്കത്തിലേക്ക് കുതിച്ചു. വാഹനത്തിലുണ്ടായിരുന്നവർ എന്തു ചെയ്യണമെന്നറിയാതെ വാവിട്ടുകരഞ്ഞപ്പോൾ പിൻസീറ്റിൽനിന്ന്‌ സീറ്റിനുമുകളിലൂടെ ഡ്രൈവർസീറ്റിലേക്ക് ചാടിവീണ അനയ് വാഹനത്തിന്റെ ബ്രേക്ക് ചവിട്ടുകയും ഹാൻഡ്‌ബ്രേക്ക് കൂടുതൽ ഉയർത്തുകയും ചെയ്തു.

വാഹനം നിൽക്കാതെവന്നപ്പോൾ വലതുഭാഗം കൊക്കയാണെന്ന് മനസ്സിലാക്കിയ കുട്ടി സ്റ്റിയറിങ്‌ തിരിച്ച് ഇടതുഭാഗത്തെ പറമ്പിലേക്ക് കയറ്റി സുരക്ഷിതമാക്കി നിർത്തുകയായിരുന്നു. നീറ്റുകോട്ട സ്വദേശിയായ രതീഷിന്റെയും അശ്വതിയുടെയും മകനാണ് അനയ്. അത്മിയ, ആദിയ എന്നിവരാണ് സഹോദരങ്ങൾ.

ൻദുരന്തം ഒഴിവാക്കിയ അനയ്നെ മരുതോങ്കര ഡ്രൈവേഴ്സ് കൂട്ടായ്മ നീറ്റുക്കോട്ടയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. മരുതോങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു.

സന്തോഷ് വട്ടക്കണ്ടി അധ്യക്ഷനായി. മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ അശോകൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബാബുരാജ്, പഞ്ചായത്ത് അംഗം തോമസ് കാഞ്ഞിരത്തിങ്കൽ, മാധവൻ പുല്ലാംകുന്നത്ത്, കുഞ്ഞിക്കണ്ണൻ പെരുകപാറ, വള്ളിൽ അബ്ദുള്ള, കെ.പി.,ബാബു, ടി.പി. സുഭാഷ്, എൻ.കെ. ഗിരീഷ്, രാജേഷ് മാവുള്ളി തുടങ്ങിയവർ സംസാരിച്ചു.

Anay cheated death; Seven lives were saved by the bravery of the fourth grader

Next TV

Top Stories










Entertainment News