കുറ്റ്യാടി: ആയഞ്ചേരി, വേളം ഗ്രാമപഞ്ചായത്തിലെ തുലാറ്റുനട, തറോപ്പൊയിൽ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കാൻ നടപടിയായെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു. കുറ്റ്യാടി നീർത്തട വികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ 2 കോടി രൂപ അനുവദിച്ചിരുന്നു. പ്രധാനമായി കുറ്റ്യാടി നിയോജകമണ്ഡലത്തിന്റെ കാർഷിക മേഖലയിലെ ഉന്നമനം ലക്ഷ്യം വെച്ചാണ് ഈ ഫണ്ട് അനുവദിച്ചത്.

അനുവദിച്ച ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു,വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ , കുറ്റ്യാടി നിയോജകമണ്ഡലം കാർഷിക വികസന സമിതി കൺവീനർ ആർ.ബാലറാം മാസ്റ്റർ, മൈനർ ഇറിഗേഷൻ എഞ്ചിനീയർമാർ ,സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ, നിയോജകമണ്ഡലം കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ എംഎൽഎ യോഗം വിളിച്ചു ചേർത്തു.
കുറ്റ്യാടി ഇറിഗേഷൻ കനാൽ - ജലലഭ്യത കണക്കിലെടുത്ത് , ഈ പാടശേഖരങ്ങളിൽ ഒരേസമയത്ത് ഒരേ വിത്തിറക്കുന്നതിന് തീരുമാനമെടുത്തു. തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി ,തോടുകളിലെ കൈതയും, കാടും വെട്ടിത്തെളിച്ച്, നീരൊഴുക്ക് സുഗമമാക്കാനും,തോടുകളുടെ സംരക്ഷണത്തിനായി ജനകീയ സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.
തുലാറ്റു നട മുതൽ തെക്കേ തറേമ്മൽ വരെയുള്ള തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങളിൽ അനധികൃതമായി കനാൽ പൊട്ടിക്കുന്നത് കാരണം കൃഷിസ്ഥലങ്ങളിൽ യഥാസമയം വെള്ളം എത്താത്തത് യോഗത്തിൽ ചർച്ച വിഷയം ആയി. ഇത്തരത്തിൽ കനാൽ തകർക്കുന്നവർക്കെതിരെ , ബന്ധപ്പെട്ട വകുപ്പുകൾ കർശന നടപടിയുമായി മുന്നോട്ടുപോകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
കൃഷി നടത്താൻ സന്നദ്ധരല്ലാത്ത ഭൂവുടമകളുണ്ടെങ്കിൽ, കൃഷിഭൂമി പാട്ടത്തിന് മറ്റ് കൃഷിക്കാർക്ക് നൽകി കാർഷികോൽപാദനം വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചു. കൃഷിഭൂമികൾ തരിശ് രഹിതമാക്കി , ഭക്ഷ്യോത്പാദനത്തിൽ വരും വർഷങ്ങളിൽ തന്നെ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യം. തരിശു രഹിത കുറ്റ്യാടിക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.
The field will bloom; Thulatunada and Taropo paddocks will be made cultivable - KP Kunjammat Kutty Master MLA