കായക്കൊടി: (KUTTIADINEWS.COM) വനിതകളുടെ കണ്ണീരൊപ്പാൻ വേണ്ടിയുള്ള അക്ഷീണ പ്രയത്നമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. നാദാപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും, കായക്കൊടി ഗ്രാമപഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡണ്ടുമായ വി.എ.സി മസ്ബൂബ പറഞ്ഞു. അഭ്യസ്തവിദ്യരായ പെൺകുട്ടികൾ പോലും, ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ പറ്റാതെ ആത്മഹത്യയിൽ അഭയം തേടുന്ന കാഴ്ച മേഖലയിൽ വ്യാപകമാവുകയാണ്.

കായക്കൊടി ഗ്രാമപഞ്ചായത്ത് ദേവർകോവിൽ വാർഡിലെ അഞ്ചുമാസം ഗർഭിണിയും രണ്ടു മക്കളുടെ മാതാവുമായ അസ്മിനയുടെ (27) മരണം വളരെ ഞെട്ടലോടെയാണ് കേട്ടത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പുള്ള ഓഡിയോ ക്ലിപ്പ് മരണശേഷം പിന്നീട് വൈറലായിരുന്നു. എത്രമാത്രം അസ്മിന ഭർതൃ വീട്ടിൽ ദുരന്തമനുഭവിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അസ്മിനയുടെ ആ വോയിസ്.
ഭർതൃ വീട്ടിലോ, സ്വന്തം വീട്ടിലോ അനുഭവിക്കുന്ന പീഡനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എന്തുകൊണ്ടോ വനിതകൾക്ക് പ്രകടിപ്പിക്കുവാൻ സാധിക്കുന്നില്ല. പുതിയ കാലഘട്ടത്തിൽ വനിതാ സംഘടനകൾ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കേണ്ടതായിട്ടുണ്ട്.
ഇതിനായി ഓരോ വാർഡിലേയും വീടുകൾ കയറി വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടേണ്ട കോൺടാക്ട് നമ്പർ നൽകിയാൽ വലിയ ആശ്വാസമാകും പലർക്കും.ഇക്കാര്യത്തിൽ വനിതാ ലീഗ് വരും ദിവസങ്ങളിൽ കൂടുതൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുമെന്നും വി എ.സി മസ്ബൂബ പറഞ്ഞു.
Women's Association; VAC Masbooba should make women cry