കുറ്റ്യാടി : (kuttiadinews.in) സി.പി.ഒ.മാരുൾപ്പെടുന്ന സാധാരണ പോലീസുകാരുടെ ജോലിഭാരം മാനസിക സമ്മർദത്തിലേക്ക് നയിക്കുന്നതായി പരാതി.
കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ. സുധീഷിന്റെ ആത്മഹത്യ മാനസിക സമ്മർദം മൂലമെന്ന ആരോപണത്തെ ത്തുടർന്നാണ് സാധാരണ പോലീസുകാരുടെ ജോലിഭാരവും ചർച്ചയാകുന്നത്.
കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ ആറുപേർ സ്ഥലം മാറിപ്പോയതിനുശേഷം പകരം ആരെയും നിയമിച്ചിരുന്നില്ല. മാവോവാദി ഭീഷണിയെത്തുടർന്ന് നാലുപേരെ തൊട്ടിൽപ്പാലം സ്റ്റേഷനിൽ നിയോഗിച്ചിരുന്നു.
രാത്രിയിൽ കുറ്റ്യാടി സ്റ്റേഷൻ പരിധിയിൽ പട്രോളിങ്ങിനായി ആറുപേർ പോയാൽ പിറ്റേദിവസം ആറ് പേരുടെ കുറവുകൂടി സ്റ്റേഷനിലുണ്ടാകും.
ഇത്തരത്തിൽ പത്തോളം പോലീസുകാരുടെ കുറവുണ്ടാകും. പോലീസുകാരുടെ എണ്ണം കുറവായത് നിലവിലുള്ള പോലീസുകാർക്ക് അമിതജോലി ഭാരത്തിനും ഇടയാക്കിയിരുന്നു.
കുറ്റ്യാടി, വേളം, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകൾ മുഴുവനായും കായക്കൊടി മരുതോങ്കര പഞ്ചായത്തുകളുടെ ഭാഗങ്ങളും കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഉൾപ്പെടുന്നത്.
തീർപ്പാക്കേണ്ട കേസുകൾക്ക് പുറമേ മറ്റ് ഡ്യൂട്ടികൾ പലതും ഏറ്റെടുക്കേണ്ടി വരുന്നതും പോലീസിനെ സമ്മർദത്തിലാക്കുന്നു. ഏൽപ്പിച്ചിരിക്കുന്ന കേസുകൾ അന്വേഷിച്ച് ഫയൽ സമർപ്പിക്കാനാവശ്യമായ സമയവും സാവകാശവും ലഭിക്കുന്നില്ല.
സ്റ്റുഡന്റ് സ് പോലീസ് കാഡറ്റുമായി ബന്ധപ്പെട്ടും ഹൈവേ പോലീസ് വിഭാഗത്തിലെ ഡ്യൂട്ടികളുമുൾപ്പെടെ കുറ്റ്യാടി സ്റ്റേഷനിലെ പോലീസുകാരെ നിയോഗിക്കുന്നതിനാൽ ആവശ്യത്തിന് പോലീസുകാരില്ലാത്ത അവസ്ഥയുണ്ട്.
ചുരുങ്ങിയത് അമ്പത് പോലീസുകാർവേണ്ട കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ ഇരുപത്തൊന്ന് പോലീസുകാർ മാത്രമാണുള്ളതെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.സുരേഷ് പറഞ്ഞു
#lack #of #personnel #Kuttiadi #Police #Station #under #pressure