മൊകേരി: (kuttiadinews.in) ലോകവ്യാപകമായി നടക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി കേരളത്തെ വൈജ്ഞാനിക സമൂഹമായി പരിവർത്തിപ്പിക്കാൻ എല്ലാ കോളേജുകളിലും സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. പ്രസ്താവിച്ചു.


റൂസ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിൻ്റെ ഭാഗമായാണ് മൊകേരി ഗവൺമെൻ്റ് കോളേജിൽ 93 ലക്ഷത്തിൽപരം തുക ചെലവഴിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം നിർമ്മിച്ചത്.
കോളജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സ്ഥലം എം.എൽ. എ, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ആധ്യക്ഷം വഹിച്ചു. കോളജ് പ്രിൻസിപ്പാൾ കെ കെ അഷ്‌റഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വടകര എം.പി കെ. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി.
കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഏ. രതീഷ്, കെ. ശശീന്ദ്രൻ, പി. സുരേഷ് ബാബു, ഏ.വി. നാസറുദ്ദീൻ, എൻ.വി. ചന്ദ്രൻ, വി.പി. വാസു മാസ്റ്റർ, ദേവാനന്ദ് ഡി.എസ് എന്നിവർ സംസാരിച്ചു.
റൂസ കോ -ഓർഡിനേറ്റർ ഡോ. ഇസഡ് ഏ അഷ്റഫ് നന്ദി പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ട് കേരള സർക്കാർ മുൻ കൈയെടുത്ത് നടത്തുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായിട്ടാണ് സ്റ്റാഫ് ക്വാട്ടേഴ്സിൻ്റെ നിർമ്മാണം ത്വരിതഗതിയിൽ നടന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ കാര്യക്ഷമമായ മേൽനോട്ടവും ഉത്സാഹവും നിശ്ചിതസമയത്ത് തന്നെ നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കാൻ സഹായകമായി. കോളജിൻ്റെ വികസന സ്വപ്നങ്ങളിലെ പ്രധാനപ്പെട്ട ഒരേടാണ് ഇതോടെ സഫലീകരിച്ചത്.
അധ്യാപകരുടെ സ്ഥിരനിയമനം ഉറപ്പാക്കാനും ഭാവിയിലെ അക്രഡിറ്റേഷൻ ഉൾപ്പെടെയുള്ള പുരോഗമന നടപടികൾ എളുപ്പമാക്കാനും അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.
#Radicalreforms #implemented #higher #education #make #Kerala #knowledge #society #DrRbindhu