തൊട്ടിൽപാലം : ഗ്യാസ് വില 400 രൂപ ആയിരുന്നപ്പോൾ സമരം ചെയ്തവരെ വില ആയിരമായപ്പോൾ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. യുപിഎ കാലത്ത് പെട്രോളിന് ലിറ്ററിന് 70 രൂപ ആയിരുന്നത് ഇപ്പോൾ 110 ആയി. 40 രൂപയ്ക്ക് പെട്രോൾ തരാം എന്നു പറഞ്ഞവർ 40 രൂപ വർധിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചു.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോഴും കേന്ദ്ര സർക്കാർ കുറച്ചില്ല. പെട്രോൾ വഴിയുള്ള അധിക നികുതി വേണ്ടെന്ന് വെക്കുന്നതിന് പകരം പെൻഷനു വേണ്ടി എന്നുപറഞ്ഞ് 2 രൂപ അധിക നികുതി ഏർപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്.
ഇപ്പോൾ പെൻഷൻ കിട്ടിയിട്ട് ഏഴ് മാസമായി. കാർഷിക ഉത്പന്നങ്ങൾക്ക് വിലയില്ല. സംസ്ഥാനത്ത് ആദ്യമായി ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായി.
ആർ.സി ബുക്ക് പോലും അടിക്കാൻ പണമില്ലാത്ത അവസ്ഥയിൽ സംസ്ഥാനത്തെ എത്തിച്ചു. ഇത്തരത്തിലുള്ള കേന്ദ്ര - സംസ്ഥാന ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള വിധിയെഴുത്താവണം തെരഞ്ഞെടുപ്പെടുപ്പെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
മുന്നണി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത്, ആവോലം രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, ജമാൽ കോരങ്കോട്ട്, സന്ധ്യ കരണ്ടോട്, കെ.ടി ജെയിംസ്, എൻ.കെ മൂസ മാസ്റ്റർ, കെ.പി രാജൻ, കെ.സി ബാലകൃഷ്ണൻ, ജാഫർ മാസ്റ്റർ, പി.എം ജോർജ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
#Where #are #those #who #fought #gas #petrol #today #ShafiParampil