കുറ്റ്യാടി: (kuttiadi.truevisionnews.com) സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര ലോക്‌സഭാ മണ്ഡലത്തിലെ മുടപ്പിലാവില്‍ എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിച്ച 141-ാം നമ്പര്‍ ബൂത്തിലായിരുന്നു. ഔദ്യോഗികസമയം അവസാനിച്ചിട്ടും ഇവിടെ പോളിങ് ഏറെ നീണ്ടുപോയി.
1.40 മണിക്കൂറിനുള്ളില്‍ 250-ഓളം വോട്ടര്‍മാരുടെ വോട്ട് രേഖപ്പെടുത്തുകയെന്ന കടമ്പ പിന്നിടാന്‍ വലിയ അധ്വാനംവേണ്ടിവന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു കൃഷിവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഷാജി. ടി.ആര്‍. പിരിമുറുക്കും നിറഞ്ഞ നിമിഷങ്ങളിലൂടെ ആ വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ സ്റ്റാഫായി ചുമതലയുണ്ടായിരുന്ന അദ്ദേഹം...
അനുഭവകുറിപ്പ്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് ശതമാനത്തെ പഴിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനും അതില്‍ കുറെയൊക്കെ ശരിവയ്ക്കുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇരു കൂട്ടരും പറഞ്ഞത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞത്: വി.വി.പാറ്റ് മെഷീന്‍ കൂടി വന്നപ്പോള്‍ ഓരോ വോട്ടിനും ഇടയില്‍ ഉള്ള ഇടവേള കൂടി വന്നു. മുന്‍കൂട്ടി കണ്ടു നടപടി സ്വീകരിച്ചില്ല. ഇതു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുള്ള വീഴ്ച.
കൂടാതെ പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അലംഭാവം, കടുത്ത ചൂട്. ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടത്: ഉദ്യോഗസ്ഥരുടെ പരിചയക്കുറവ്. പറഞ്ഞു വരുന്നത് അതിനെ കുറിച്ചല്ല.
26/04/2024- ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അവസാനം വോട്ടെടുപ്പ് അവസാനിച്ച വടകര ലോകസഭാ മണ്ഡലത്തില്‍പ്പെട്ട കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 141-ല്‍ (മുടപ്പിലാവില്‍ എല്‍.പി. സ്‌കൂള്‍) പോളിംഗ് അവസാനിച്ചത് രാത്രി 11.43-ന് ആയിരുന്നുവെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ സ്റ്റാഫായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഈ എഴുതുന്ന ഉദ്യോഗസ്ഥന്, സര്‍ക്കാര്‍ സര്‍വീസിലെ ഈ അവസാന ഇലക്ഷന്‍ ഡ്യൂട്ടി വലിയ മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ് സമ്മാനിച്ചത്.
അതിലേക്ക്... കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ പത്തിലധികം ബൂത്തുകളില്‍ പോളിംഗ് വളരെ സാവധാനത്തില്‍ ആണെന്നും, വളരെയധികം സമയം നീണ്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍, വോട്ടുകള്‍ കൂടുതല്‍ ഉള്ള ബൂത്തുകളിലേക്ക് അധികം പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കണം എന്ന നിര്‍ദേശം പ്രിസൈഡിങ് ഓഫീസര്‍മാരില്‍നിന്നും മൈക്രോ ഒബ്‌സെര്‍വര്‍മാരില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, റിസര്‍വിലുള്ള പോളിംഗ് ഉദ്യോഗസ്ഥരെ വൈകുന്നേരം ഏഴു മണിയോടെ തന്നെ ഈ ബൂത്തുകളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണം നടത്തിയിരുന്നു.
എന്നാല്‍ രാത്രി 9.45-ന്, മുടപ്പിലാവില്‍ എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്ത് നമ്പര്‍ 141-ല്‍ ഈ സംവിധാനം മതിയാകില്ല എന്നും, പോളിംഗ് അവസാനിക്കുന്ന വൈകുന്നേരം ആറുമണിക്ക്, വോട്ടു ചെയ്യാനായി പ്രിസൈഡിങ് ഓഫീസര്‍ ടോക്കണ്‍ നല്‍കിയ വോട്ടര്‍മാരില്‍ ഏതാണ്ട് 300 പേരോളം പേര്‍ ഇനിയും ബാക്കിയുണ്ടെന്ന സന്ദേശം ലഭിക്കുന്നു.
അധികമായി ആളെ കൊടുത്തിട്ടും, പോളിംഗ് നീണ്ടു പോകുന്നത് വലിയ ആശങ്ക ഉളവാക്കുന്ന കാര്യമായിരുന്നു. അധികമായി ഉദ്യോഗസ്ഥനെ നല്‍കിയിട്ടും പോളിംഗ് മന്ദഗതിയില്‍ പോകുന്നതിന് അടിയന്തരമായി പരിഹാരം കാണാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബൂത്തിലേക്ക് പോകാന്‍ നിര്‍ദേശം ലഭിക്കുന്നു.
ഞങ്ങള്‍ അഞ്ചംഗസംഘം 141-ാം നമ്പര്‍ ബൂത്തില്‍ രാത്രി 10.15-ന് എത്തുമ്പോള്‍ ഏതാണ്ട് 250 പേരോളം പേര്‍ (ഏതാണ്ട് പകുതിയോളം പേര്‍ സ്ത്രീകളായിരുന്നു) വോട്ട് ചെയ്യാന്‍ ബാക്കിയുണ്ട്.
ബൂത്തിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ വളരെയധികം ആളുകളും കാഴ്ചക്കാര്‍ ആയി ഉണ്ടായിരുന്നു. ഇത്രയധികം നേരം തങ്ങളെ ക്യുവില്‍ നിര്‍ത്തിയ പോളിംഗ് ഉദ്യോഗസ്ഥരെയാണ് രോഷാകുലരായ വോട്ടര്‍മാര്‍ പഴിച്ചിരുന്നത്.
ഇതിന് മുന്‍പ് ഈ ഒരു അനുഭവം അവര്‍ നേരിട്ടില്ല എന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. ഈ സ്‌കൂളില്‍ തന്നെ, ഒരു മുറിക്ക് അപ്പുറത്തുള്ള ബൂത്തിലെ വോട്ടിംഗ് അവസാനിച്ചത് അവരുടെ രോഷം ഇരട്ടിപ്പിച്ചു.
ആദ്യ പോളിംഗ് ഓഫീസറുടെ പരിചയക്കുറവിനെക്കുറിച്ചും അതു മുന്‍പേ തന്നെ ചൂണ്ടി കാണിച്ചിട്ടും വേണ്ട തിരുത്തല്‍ നടപടി സ്വീകരിക്കാത്ത പ്രിസൈഡിങ് ഓഫീസറിനെ കുറിച്ചുമായിരുന്നു ബൂത്ത് ഏജന്റുമാരുടെ പരാതി. വി.വി.പാറ്റ് മെഷീന്‍ മൂലമുള്ള വോട്ടിങ് ദൈര്‍ഘ്യവും, കംപാനിയന്‍/ ബ്ലൈന്‍ഡ് വോട്ടര്‍മാരുടെ ആധിക്യവുമാണ് വോട്ടിംഗ് വൈകുന്നതിന് പ്രിസൈഡിങ് ഓഫീസര്‍ക്ക് കാരണമായി പറയാനുണ്ടായിരുന്നത്.
പ്രിസൈഡിങ് ഓഫീസര്‍പറഞ്ഞ രണ്ടു കാരണങ്ങളും മിക്കവാറും എല്ലാ ബൂത്തുകളിലും ഉള്ള പ്രശ്‌നമാണ്. വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകളില്‍ ഇതു പോളിംഗ് വൈകുന്നതിന് കാരണമാകുന്നുണ്ടെങ്കിലും, ഇത്രയധികം വൈകാന്‍ അതു ന്യായീകരണം ആകുന്നില്ല എന്ന് ബോധ്യപ്പെട്ടു. പ്രത്യേകിച്ചും ഒരു പോളിംഗ് ഉദ്യോഗസ്ഥനെ അധികമായി നല്‍കിയിട്ടും.
ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് കൂടിയാണ് ഇത്രയധികം പോളിംഗ് വൈകുന്നതിന് കാരണമായത്. അതിനു അവരെ മുഴുവനായി കുറ്റംപറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന എല്ലാവരും പരിചയസമ്പന്നര്‍ ആകണമെന്നില്ല. സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തില്‍ ജോലി ചെയ്തു പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കെങ്കിലും സമ്മര്‍ദ്ദം താങ്ങാന്‍ കഴിവുണ്ടാകില്ല.
വെല്ലുവിളികള്‍ വോട്ടിങ് 12 മണിക്കുള്ളില്‍ തീര്‍ക്കുക എന്നതായിരുന്നു ഞങ്ങള്‍ നേരിട്ട പ്രധാന വെല്ലുവിളി. 12 മണിക്ക് ഉള്ളില്‍ വോട്ടിംഗ് തീര്‍ക്കതക്കരീതിയിലാണ് വോട്ടിംഗ് മെഷീന്‍ സെറ്റ് ചെയ്തിരിക്കുന്നത്. 12 മണിക്കുള്ളില്‍ വോട്ടിംഗ് തീര്‍ന്നില്ലെങ്കില്‍ മെഷീനില്‍ ദിവസം മാറും. ഇതു വലിയ സങ്കീര്‍ണതയ്ക്ക് വഴി വയ്ക്കും. ബൂത്തില്‍ റീപോളിംഗ് വേണ്ടിവരുമെന്ന മുന്നറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചു.
അത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ബന്ധപ്പെട്ടവര്‍ എല്ലാവരും ഉത്തരവാദികളായിരിക്കുമെന്നും ഓര്‍മപ്പെടുത്തി. വോട്ട് ചെയ്യാനായി എത്രപേര്‍ ബാക്കിയുണ്ടെന്ന ഒരു പ്രാഥമിക കണക്കെടുപ്പ് ഞങ്ങള്‍ നടത്തിയപ്പോള്‍ 250 പേരിലധികം ഉണ്ടെന്ന് തലയെണ്ണിയതിലൂടെ മനസിലായി. സമയം 10.20. ഞങ്ങള്‍ക്ക് മുന്‍പില്‍ ഒരു മണിക്കൂര്‍ 40 മിനിറ്റില്‍ താഴെ മാത്രം സമയം.
രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടിംഗ് 15 മണിക്കൂറില്‍ ഏറെ പിന്നിട്ടപ്പോള്‍ പോള്‍ ചെയ്തത് 1000-ല്‍ താഴെ വോട്ടുകള്‍. മണിക്കൂറില്‍ ശരാശരി 70-ല്‍ താഴെ വോട്ട്. മിനിറ്റില്‍ ഒരു വോട്ടിനുതൊട്ട് മുകളില്‍ മാത്രം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വോട്ടിംഗ് തീരുക പുലര്‍ച്ചെ ഒന്നേ മുക്കാലിന്. ബാക്കിയുള്ള 100 മിനിറ്റില്‍ 250 വോട്ട് പെട്ടിയില്‍ വീഴണം. ഒരു മിനിറ്റില്‍ രണ്ടര വോട്ട്.
12 മണി എന്ന സമയം വച്ചു മുന്നോട്ട് നീങ്ങിയാല്‍ മിനിറ്റില്‍ രണ്ടര വോട്ട് എന്നത് മതിയാകാതെ വരും. വി.വി.പാറ്റ് മെഷീന്‍ ഉള്ളതിനാല്‍ വോട്ടിംഗ് പൂര്‍ത്തീകരിച്ച ശബ്ദം കേള്‍ക്കാന്‍ കൂടുതല്‍ സമയം എടുക്കും. പരമാവധി 11.55-ന് എങ്കിലും വോട്ടിംഗ് പൂര്‍ത്തിയാക്കി, വോട്ടിംഗ് മെഷീനിലെ ക്ലോസ് ബട്ടണ്‍ അമര്‍ത്തുക.
അതിനു കഴിയുന്നില്ലെങ്കില്‍ പോളിംഗ് ടീമിനോപ്പം ഉത്തരവാദിത്തം ഏറ്റെടുത്തു എ.ആര്‍.ഒ. സ്റ്റാഫ് എന്ന നിലയില്‍ നടപടി നേരിടുക. അതിനേക്കാള്‍ ഉപരി, സമയത്തിന് വോട്ടിങ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ബൂത്തിലെ പോളിംഗ് ടീമിന് മാത്രമല്ല, എ.ആര്‍.ഒയ്ക്ക് കൂടി വരും. അതു ജില്ലയിലെ കൃഷി വകുപ്പിന് കൂടി നാണക്കേട് ഉണ്ടാക്കും.
യുദ്ധകാല പ്രവര്‍ത്തനങ്ങള്‍ ഒരു മിനിറ്റില്‍ മൂന്നുപേരെ വോട്ട് ചെയ്യിക്കാനായാല്‍ സമയത്തിനുള്ളില്‍ വോട്ടിംഗ് പൂര്‍ത്തീകരിക്കാം. അതിനായി പോളിംഗ് നടപടികള്‍ പരമാവധി വേഗത്തിലാക്കുക എന്നതായിരുന്നു ഏക പോംവഴി.
ബൂത്തിനകത്തേക്ക് തിക്കിത്തിരക്കിനിന്ന വോട്ടര്‍മാരെ ആദ്യഘട്ടത്തില്‍ പുറത്തേക്ക് നിര്‍ത്തി, ആവശ്യമുള്ളവരെ മാത്രം അകത്തു കയറ്റി. വോട്ടര്‍മാരെ പേര് വിളിച്ചു അകത്തു കയറ്റുന്നത് പരമാവധി വേഗത്തില്‍ ആക്കാന്‍ ഫസ്റ്റ് പോളിംഗ് ഓഫീസറെ സഹായിക്കുന്നതിനും, വോട്ടറുടെ പേര് പെട്ടന്ന് തന്നെ ഏജന്റുമാര്‍ക്ക് കേള്‍ക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞും, പോള്‍ ചെയ്തു കഴിഞ്ഞതിനു ശേഷം ഉള്ള ബീപ് ശബ്ദം വരാന്‍ വി.വി. പാറ്റ് മെഷീനുള്ളതുകൊണ്ടുള്ള കാലതാമസം ഉള്ളതിനാല്‍, ബീപ് ശബ്ദം കേട്ടയുടെനെ തന്നെ താമസംവരുത്താതെ അടുത്ത വോട്ടറെ സജ്ജമാക്കുന്ന നടപടി സ്വീകരിച്ചതോടെ വോട്ടിങ്ങിനു വേഗം കൈ വന്നു.
വോട്ട് ചെയ്യുന്നതിനുള്ള കണ്‍ഫ്യൂഷന്‍ മൂലം ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ പരിചയക്കുറവുള്ള വോട്ടര്‍മാരെ നിര്‍ദേശങ്ങള്‍ നല്‍കി സഹായിച്ചതോടെ കാര്യങ്ങള്‍ ട്രാക്കിലായി. പോളിംഗ് കഴിഞ്ഞ ഒരു ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറെ 11 മണിയോടെ ബൂത്തില്‍ എത്തിക്കുകയും പ്രിസൈഡിങ് ഓഫീസര്‍ കണ്‍ട്രോളിങ് യൂണിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കയും ചെയ്തതോടെ പോളിങ്ങിനു വേഗം കൂടി, ക്യുവിന്റെ നീളം കുറഞ്ഞു വന്നു.
വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ആളുകള്‍ക്ക് നാട്ടുകാര്‍ ചൂട് കഞ്ഞി വിതരണം ആരംഭിച്ചിരുന്നു. വോട്ടിംഗ് സമയം ക്രമീകരിക്കാന്‍ പുറത്ത് വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ബാക്കിയുള്ള ആളുകളുടെ എണ്ണമെടുക്കാന്‍ ടീമിലെ ഒരാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ 10.15-ന് മുന്‍പ് ഞങ്ങള്‍ വരുമ്പോള്‍ ഉണ്ടായിരുന്ന വോട്ടിംഗ് സ്പീഡിനെക്കാള്‍ മൂന്നിരട്ടിവേഗം കൈ വന്നപ്പോള്‍ കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലായി.
11.43-ന് അവസാന വോട്ടറും വോട്ട് ചെയ്തു. പോളിംഗ് അവസാനിപ്പിച്ചു മെഷീനിലെ ക്ലോസ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ റിപോളിംഗ് അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആയി. സമയത്തിനുള്ളില്‍ പോളിംഗ് കഴിഞ്ഞിരുന്നില്ലെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാനായി ഒരു വലിയ പോലീസ് സന്നാഹം, വലിയ വാഹനവുമായി പുറത്തു കാത്തു നിന്നിരുന്നു.
പോളിംഗ് 12 മണിക്കുള്ളില്‍ അവസാനിച്ചിരുന്നില്ലെങ്കില്‍ ബൂത്തിലെ പോളിംഗ് ടീമിനോപ്പം, ഞങ്ങളും വാര്‍ത്തകളില്‍ നിറയുമായിരുന്നു. കൂട്ടായ പ്രവര്‍ത്തനവും, ജനങ്ങളുടെ സഹകരണവും നിമിത്തം അത് ഒഴിവായി. മോശം വാര്‍ത്തകള്‍ക്കാണ് എപ്പോഴും പബ്ലിസിറ്റി ലഭിക്കുക.
ആ വലിയ ചീത്ത പേര് ഒഴിവാക്കിയതിന്റെ ക്രെഡിറ്റ്, കുറ്റ്യാടി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കീഴിലെ ജീവനക്കാരായ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നീനയ്ക്കും ഡ്രൈവര്‍മാരായ ബെഞ്ജിത്തിനും ഷജീഷിനും ഓഫീസ് അസിസ്റ്റന്റ് ബൈജുവിനും നല്‍കുന്നു.
ഒരു ടീമിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് കുറഞ്ഞ സമയത്ത് ഏതാണ്ട് അസാധ്യം എന്ന് തോന്നിച്ചിരുന്നത് സാധ്യമാക്കിയത്. ഓരോ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗവാക്കാകുന്ന ഓരോ ജീവനക്കാരനും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുക.
വെല്ലുവിളികള്‍ നിറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ അംഗീകാരം ഒന്നും ലഭിക്കില്ലെങ്കിലും അതിലൂടെ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. പ്രത്യേകിച്ചും സര്‍വീസില്‍ നിന്ന് വിരമിച്ചു കഴിഞ്ഞു അതെല്ലാം ഓര്‍ത്തെടുക്കുമ്പോള്‍.
സര്‍ക്കാര്‍ രൂപവത്കരണം എന്ന ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ കഴിയുക എന്നത് അഭിമാനകരമായ ഭാഗ്യവും, നേട്ടവുമായിട്ടാണ് തോന്നിയിട്ടുള്ളത്.
#Polling: #Assistant #Returning #Officer #experience #completed #midnight #Vatakara