കുറ്റ്യാടി : (kuttiadi.truevisionnews.com)തളീക്കര -കായക്കൊടി റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും പൊട്ടിയത് പടക്കങ്ങളാണെന്നും പോലീസ്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് പട്ടർക്കുളങ്ങര, മുട്ടുനട ഭാഗങ്ങളിൽ സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച രാവിലെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പൊട്ടിയത് ഗുണ്ടാണെന്ന് കണ്ടെത്തിയത്.
രണ്ടു സ്‌ഥലങ്ങൾ തമ്മിൽ ഇരുനൂറ് മീറ്റർ വ്യത്യാസമുണ്ട്. ഈ ഭാഗത്ത് സമൂഹവിരുദ്ധ ശല്യം വ്യാപകമാണെന്നും സംഭവത്തിൻ്റെ കാരണക്കാരെ ഉടൻ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രി തളീക്കരയിലുണ്ടായ സ്ഫോടനം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി. എം. സമാധാന അന്തരീക്ഷം തകർക്കാനും ജനങ്ങളിൽ ഭീതി പടർത്താനും വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും തളിക്കര ലോക്കൽ കമ്മിറ്റിയും,
സ്ഫോടനം നടന്ന പ്രദേശങ്ങളിൽ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിച്ചിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നു കായക്കൊടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ പി ബിജുവും ആവിശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് യുവമോർച്ച ജില്ലാ ഐ ടി കൺവീനർ ലിബിൻ കുറുപ്പം വീട്ടിൽ പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് മിഥുൻ വട്ടപൊയിൽ, ബിജെപി നരിപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി കെ പി രജീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
#not #bomb #firecracker #Police #said #worry